kudivellam

പാലോട്: ആനാട് നിവാസികളുടെ ദീർഘകാല അഭിലാഷമായ നന്ദിയോട് - ആനാട് കുടിവെള്ള പദ്ധതിക്കായി ഇനിയും കാത്തിരിക്കേണ്ടിവരും. നന്ദിയോട് -ആനാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കേരള കൗമുദി നൽകിയ വാർത്തയെ തുടർന്ന് ഡി.കെ. മുരളി എം.എൽ.എ വിഷയം നിയമസഭയിൽ ഉന്നയിച്ചു. ആനാട്, പാലോട്, കുറുപുഴ വില്ലേജുകൾ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. 16 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയ പദ്ധതി നാളിതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വാട്ടർ പമ്പ് ചെയ്യുന്നതിനായി 210 എച്ച്.പി.വീതമുള്ള രണ്ട് പമ്പ് സെറ്റുകൾ സ്ഥാപിക്കൽ, ജല ശുദ്ധീകരണ ശാലയിൽ നിന്നും ശുദ്ധീകരിച്ച ജലം നദിയോടിലെ ഉപരിതല ജലസംഭരണിയിൽ എത്തിക്കുന്നതിനുള്ള 300 മി.മീ. പൈപ്പുകൾ സ്ഥാപിക്കൽ, ജല ശുദ്ധീകരണശാലയിൽ നിന്ന് നന്ദിയോടിലെ നിലവിലുള്ള ഭൂതല ജലസംഭരണിയിൽ ശുദ്ധജലമെത്തിക്കുന്നതിന് 100 മി.മീ. പൈപ്പുകൾ സ്ഥാപിക്കൽ, നന്ദിയോട് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയുടെ നിർമ്മാണം,സോൺ - 2ൽ 42 കിലോമീറ്റർ ദൂരത്തിൽ ജലവിതരണ ശൃംഖല സ്ഥാപിക്കൽ എന്നിവയാണ് ഉൾപ്പെടുന്നത്. സാങ്കേതികാനുമതി ലഭ്യമാക്കി ദർഘാസ് ക്ഷണിച്ചെങ്കിലും സ്ഥല ലഭ്യതയിലുണ്ടായ മാറ്റം മൂലം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസം നേരിടുമെന്നതിനാൽ അത് റദ്ദു ചെയ്തു. തുടർന്ന് ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് മുഖേന നാല് മാസം ചെലവഴിച്ച് പുതിയ രൂപരേഖ തയാറാക്കിയിട്ടുണ്ട്.