വർക്കല: എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ഗുരുവരുൾ സ്റ്റഡി സർക്കിളിന്റെ സ്ഥാപകനുമായ മുത്താനതാഹയുടെ ഓർമ്മയ്ക്ക് ഏർപ്പെടുത്തിയ ഗുരുവരുൾ മുത്താനതാഹ പുരസ്കാരം അര നൂറ്റാണ്ടിലേറെയായി ആദിവാസി ഗോത്രസമൂഹങ്ങളുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച ദയാബായിക്ക് സമ്മാനിക്കും. 10001രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ദേശീയതലത്തിലെ മികച്ച സാമൂഹ്യ പ്രവർത്തനത്തിനാണ് നൽകുന്നത്. താഹയുടെ ഒന്നാം ചരമവാർഷികമായ മാർച്ച് 13ന് വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ വൈകിട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ നിയമസഭ സ്പീക്കർ വി.എം.സുധീരൻ ദയാബായിക്ക് അവാർഡ് സമ്മാനിക്കും. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുവരുൾ സ്റ്റഡി സർക്കിൾ പ്രസിഡന്റ് എ.ഷിബു അദ്ധ്യക്ഷത വഹിക്കും. അഡ്വ. വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണവും വർക്കല കഹാർ അനുസ്മരണ പ്രഭാഷണവും നടത്തും.