പോത്തൻകോട് : പൂരപ്പെരുമയിൽ ഒരിക്കൽക്കൂടി കാണികളിൽ ആവേശം വിതറി ചെല്ലമംഗലം പകൽപ്പൂരം. ശ്രീകാര്യം ചെല്ലമംഗലം ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്, പ്രതിഷ്ഠാ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ ഏഴു ഗജവീരന്മാർ അണിനിരന്ന പൂര ഘോഷയാത്രയാണ് നാടിനെ തൊട്ടുണർത്തിയത്. പാമ്പാടി രാജൻ, അരുണിമ പാർത്ഥസാരഥി, കാണാവിള ശിവനാരായണൻ, പനം കുളത്തുകാരൻ ജഗന്നാഥൻ, പുത്തൻകുളം അർജ്ജുനൻ, അയിരൂർ വാസുദേവൻ, നാടത്താവിള രാജശേഖരൻ എന്നീ തലയെടുപ്പുള്ള ഗജകേസരികളാണ് അണിനിരന്നത്. ഇന്നലെ വൈകിട്ട് 3.30 ന് കരിയം ജംഗ്‌ഷനിൽ നൂറുകണക്കിന് ആനപ്രേമികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗജവീരന്മാമാരെ രാജകീയമായി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രത്തിലെത്തി തലയെടുപ്പോടെ നിന്ന ഏഴു ഗജകേസരികൾ പൂരാഘോഷത്തിന് മികവേകി. ഘോഷയാത്രയ്ക്ക് അകമ്പടിയായി മുത്തുക്കുടകൾ, സ്പെഷ്യൽ ചെണ്ടമേളം, സ്പെഷ്യൽ നാഗസ്വരം, പഞ്ചവാദ്യം, പാണിവാദ്യം, ശിങ്കാരിമേളം, തെയ്യം, തിറ, പടയണി,വലിയ പൂക്കാവടി, ജണ്ടുകാവടി, കളിയാട്ടം, മയൂരനൃത്തം, വിളക്കാട്ടം, പഞ്ചാബി നൃത്തം, തംബോല, നാസിക് ഡോൾ, നെയ്യാണ്ടിമേളം തുടങ്ങിയവ ഘോഷയാത്രയ്ക്കൊപ്പം അണിനിരന്നപ്പോൾ റോഡിനിരുവശത്തെയും ആസ്വാദക മനസുകളെ കുളിരണിയിക്കുന്ന കാഴ്ചയായി മാറി. ഘോഷയാത്രയ്ക്ക് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് മംഗലത്ത്,സെക്രട്ടറി ജി.കൃഷ്ണൻ വട്ടവിള,മണിലാൽ നാഗേന്ദ്ര,വിജയൻ ആലുവിള,എൻ.മോഹനൻ ശ്രീകൃഷ്ണപുരം,ബിജു നാഗേന്ദ്ര,പി. ബിജുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.