gg

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ടൗൺ പ്രദേശത്ത് ഉപേക്ഷിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം നാൾക്കു നാൾ വർദ്ധിക്കുകയാണ്. നെയ്യാറ്റിൻകര ബസ്‌സ്റ്റാൻഡിനും ടി.ബി ജംഗ്ഷനും ഇടയ്ക്ക് കഴി‌ഞ്ഞ ആറ് മാസത്തിനിടെ ഏതാണ്ട് ഒരു ഡസനോളം ബൈക്കുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസക്കാലമായി ദേശീയപാതയിലെ ആലുംമൂട് ജംഗ്ഷനിൽ ഒരു വെള്ള സ്കൂട്ടർ ലോക്ക് ചെയ്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ബൈക്കുകൾ പലപ്പോഴായി നെയ്യാറ്റിൻകര പൊലീസ് മാറ്റുമെങ്കിലും അവർക്ക് ഇപ്പോൾ ഇത് തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ മാസം ആദ്യവാരം നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപം ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എത്തി പരിശോധിച്ചപ്പോഴാണ് അത് കളിയിക്കാവിള എ.എസ്.ഐ കൊലപാതക കേസിലെ പ്രതികളുടേതാണെന്ന് വ്യക്തമായത്. നെയ്യാറ്റിൻകര നഗരസഭാ വക സ്റ്റേഡിയത്തിന് എതിർ വശത്തെ റോഡിലും സമാനമായ രീതിയിൽ ഉപേക്ഷിക്കപ്പെട്ട ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്.എവിടെ നിന്നെങ്കിലും മോഷ്ടച്ച ബൈക്കുകളാണ് ഇത്തരത്തിൽ കണ്ടെത്തുന്നതെന്ന് പൊലീസ് പറയുന്നു. ആലുംമൂട് ജംഗ്ഷനിൽ ഉപേക്ഷിച്ച സ്കൂട്ടറിനെ കുറിച്ച് സമീപത്തെ ആട്ടോ ഡ്രൈവർമാർ പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.