പോത്തൻകോട്: കാട്ടായിക്കോണം തെങ്ങുവിള മഹാദേവീക്ഷേത്ര ട്രസ്റ്റിന്റെ കഥകളി പുരസ്കാരം പ്രശസ്ത കഥകളി നടൻ മാത്തൂർ ഗോവിന്ദൻകുട്ടിക്ക് നൽകി. കാട്ടായിക്കോണം പുതുവൽ പുത്തൻവീട്ടിൽ ദയാനന്ദന്റെയും വത്സലയുടെയും സ്മരണാർത്ഥം ഡി.ബാബുവാണ് പുരസ്കാര തുക നൽകുന്നത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഥകളി കലാകാരന്മാരെ ആദരിക്കുന്നതിന് ജില്ലയിൽ ആദ്യമായി തെങ്ങുവിള മഹാദേവീക്ഷേത്ര ട്രസ്റ്റാണ് കഥകളി പുരസ്കാര ചടങ്ങ് ഏർപ്പെടുത്തിയത്. കഥകളി ആസ്വാദകനായ ക്ഷേത്ര ട്രസ്റ്റ് അംഗം യശഃശരീരനായ മോഹൻദാസായിരുന്നു പുരസ്കാരം ഏർപ്പെടുത്തുന്നതിനു നേതൃത്വം നൽകിയത്. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.പ്രദീപ് കുമാർ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കഥകളി സാഹിത്യകാരൻ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ജനറൽ കൺവീനർ എസ്. ഭുവനചന്ദ്രൻ സ്വാഗതവും സെക്രട്ടറി റ്റി. വിനയകുമാർ നന്ദിയും പറഞ്ഞു. ഒന്നാം ഉത്സവ ദിവസമായ ഇന്നലെ നടന്ന മേജർ സെറ്റ് കഥകളിയിൽ നളചരിതം ഒന്നാം ദിവസവും പ്രഹ്ളാദ ചരിതവും അവതരിപ്പിച്ചു.