വെള്ളറട: മലയോരത്തെ പ്ളാവുകളിൽ ഇക്കുറി വ്യാപകമായി ചക്ക ലഭിക്കാൻ തുടങ്ങിയത് കർഷകർക്ക് നേരിയ ആശ്വാസത്തിന് വഴിനൽകുന്നു. അന്യസംസ്ഥാനങ്ങളിൽ ചക്ക ഇഷ്ടഭക്ഷണമായി മാറിയതോടെ നിരവധി ലോറി ചക്കയാണ് അതിർത്തി ഗ്രാമങ്ങളിൽ നിന്നും കയറ്റി അയയ്ക്കുന്നത്. നമ്മുടെ നാട്ടിൽ ചക്ക സുലഭമായി ലഭിക്കുമ്പോൾ അത് വേണ്ടവിധം വിനിയോഗിക്കാൻ തയാറാകുന്നില്ലെന്നും കർഷകർക്കിടയിൽ പരാതിയുണ്ട്. പ്ളാവിൽ കളവന്നുതുടങ്ങിയാൽ ചക്ക തേടി എത്തുന്ന കച്ചവടക്കാർ ചക്കയുടെ എണ്ണം കണക്കാക്കി ഉടമയ്ക്ക് നേരിയ വില നേരത്തേതന്നെ നൽകി മടങ്ങുകയാണ്. പിന്നീട് ചക്ക പാകമാകുമ്പോൾ ചെറുവാഹനങ്ങളിൽ ആളുമായി എത്തി കയറ്റികൊണ്ടു പോവുകയാണ്. വെള്ളറടയ്ക്കു സമീപം മലയൻകാവിൽ നിന്നും ദിനംപ്രതി ലോറികളിൽ ലോഡ് കണക്കിന് ചക്കയാണ് അതിർത്തി ചെക്കുപോസ്റ്റ് കടന്ന് അന്യ സംസ്ഥാനങ്ങളിൽ എത്തുന്നത്. ചക്കകൾ ചൂട് അടിച്ച് കേടാകാതിരിക്കുന്നതിനും ഓലകൾ കൊണ്ട് മറച്ചാണ് ലോഡ് കയറ്റി വിടുന്നത്.

പല സ്ഥലങ്ങളിലും ചക്കയുടെ പ്രചാരം വർദ്ധിപ്പിക്കാൻ നിരവധി മേളകൾ സംഘടിപ്പിക്കാറുണ്ടെങ്കിലും മലയോരത്ത് അത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കാറില്ല. ഇക്കുറി ചക്ക പ്ലാവിൽ നിൽക്കുമ്പോൾ തന്നെ ഇരുപത് മുതൽ മുപ്പത് രൂപ വരെ കർഷകന് ലഭിക്കും. എന്നാൽ 10 മുതൽ 15 രൂപ വരെ മാത്രമാണ് കഴിഞ്ഞ വർഷം കർഷകന് ലഭിച്ചത്. ഈ വർഷം കായ് ഫലം കുറഞ്ഞതാണ് ചക്കയ്ക്ക് വില വർദ്ധിക്കാൻ കാരണമെന്നാണ് കർഷകരുടെ അഭിപ്രായം. ഒപ്പം കാട്ടിൽ നിന്നും എത്തുന്ന വാനരൻമാരും മറ്റ് വന്യ മൃഗങ്ങളും കർഷകന് പലപ്പോഴും വെല്ലുവിളയാകുന്നുണ്ട്. സീസൺ തീരാറായതോടെ ഇവിടെനിന്നുള്ള ലോഡുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.