തിരുവനന്തപുരം: ''ഇതിനുമുമ്പ് എക്‌സ‌്‌പ്രസ് ട്രെയിൻ ഓടിച്ചിട്ടുണ്ടെങ്കിലും സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന എക്‌സ്‌പ്രസ് ഓടിക്കുന്നത് ആദ്യമായാണ്. അല്പം ടെൻഷനുണ്ടെങ്കിലും ഏറെ അഭിമാനവും ആവേശവുമുണ്ട്. വെള്ളിയാഴ്ച വേണാട് എക്‌സ്‌പ്രസിൽ എറണാകുളത്തുനിന്ന് ഷൊർണൂരിലേക്ക് ട്രയൽ റൺ നടത്തിയിരുന്നു.'' - ഇന്ന് വനിതാദിനത്തിൽ എറണാകുളത്തുനിന്ന് രാവിലെ 10.15ന് പുറപ്പെടുന്ന വേണാട് എക്‌സ്‌പ്രസിന്റെ അസിസ്‌റ്റന്റ് ലോക്കോ പൈലറ്റായ തൃശൂർ വലപ്പാട് സ്വദേശി വിദ്യാദാസ് കേരളകൗമുദിയോട് പറഞ്ഞു.
റെയിൽവേയുടെ എല്ലാ വിഭാഗങ്ങളും ഇന്ന് വനിതകൾ നിയന്ത്രിക്കും. ടി.പി. ഗൊരോത്തിയാണ് വേണാടിലെ ലോക്കോ പൈലറ്റ്. എം.ശ്രീജ (ഗാർഡ്), ഗീതാകുമാരി (ടി.ടി.ഇ), ദിവ്യ (പ്ലാറ്റ്‌ഫോം എസ്.എം), നീതു (കാബിൻ എസ്.എം), പ്രസീദ (പോയന്റ്‌സ് വുമൺ), രജനി, സിന്ധു വിശ്വനാഥൻ (മെക്കാനിക്കൽ സ്റ്റാഫ് ), വി.ആർ. വീണ, എ.കെ. ജയലക്ഷ്‌മി, സൂര്യ കമലാസനൻ, ടി.കെ. വിനീത, ശാലിനി രാജു, അർച്ചന എന്നിവരാണ് വിദ്യയ്ക്കൊപ്പം ട്രെയിനിലുള്ള മറ്റ് സ്ത്രീകൾ. ഗൊരോത്തി എറണാകുളം സ്വദേശിയും ശ്രീജ പാലക്കാട് സ്വദേശിയുമാണ്.
2005ൽ കുന്നംകുളം കീഴൂർ പോളിടെക്‌നിക്കിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ളോമ നേടിയ വിദ്യ 10 വർഷത്തിനുശേഷമാണ് ജോലിക്ക് കയറിയത്. പഠിത്തം പൂർത്തിയായതോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. 2015ൽ ആർ.ആർ.ബി പരീക്ഷ എഴുതി യോഗ്യത നേടി. തുടർന്ന് ചെന്നൈയിലെ ആവടിയിലും ട്രിച്ചിയിലുമായി ആറ് മാസത്തെ പരിശീലനം. 2018 ൽ എറണാകുളം - പാലക്കാട് ഗുഡ്സ് ട്രെയിനാണ് ആദ്യം ഓടിച്ചത്. ഈറോഡ് എക‌്സ്‌പ്രസ്, ചെന്നൈ- ആലപ്പി എക്‌സ്‌പ്രസ് എന്നിവയും ഓടിച്ചിട്ടുണ്ട്. ഭർത്താവ് സുഗേഷ് വിദേശത്താണ്. മൂത്തമകൾ ഋതുനന്ദ വലപ്പാട് കാർമൽ സെൻട്രൽ സ്‌കൂളിൽ ആറാം ക്ലാസിലും മകൻ തനൈവൻ ഇതേ സ്‌കൂളിൽ മൂന്നാം ക്ലാസിലും പഠിക്കുന്നു.