കടയ്ക്കാവൂർ: കടയ്ക്കാവൂർ സ്വദേശി സുജാതയെ വാളു കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും മൊബൈലും കവർന്ന കേസിലെ പ്രധാന പ്രതികൾ അറസ്റ്റിൽ .മേനംകുളം ചിറ്റാറ്റ് മുക്ക് മണക്കാട്ട് വിളക്കം സനൽ ഭവനത്തിൽ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു (28), ചിറയിൻകീഴ് നിലയ്ക്കാമുക്ക് പാറയടി കൊച്ചുതെങ്ങുവിള വീട്ടിൽ കഞ്ചാവ് പാപ്പി എന്ന സിജു (36) എന്നിവരാണ് പിടിയിലായത്.പിടിച്ചു പറി നടന്നയുടൻ സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. വെയിലൂരിൽ കടയ്ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യനും സംഘവും പ്രതികളെ പിൻതുടർന്നെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ച് ,മംഗലപുരം പൊലീസിൻെറ സഹായത്തോടെ കണിയാപുരത്ത് നിന്നു പിടികൂടുകയായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചു പേർ ഉണ്ടായിരുന്നു. പാറയടിയിൽ താമസിക്കുന്ന പാപ്പിയുടെ കയ്യിൽ നിന്നു കഞ്ചാവ് വാങ്ങാൻ വന്ന സംഘം തിരിച്ചു പോകും വഴി സ്ത്രീയെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവർച്ച ചെയ്യുകയായിരുന്നു.കടയ്ക്കാവൂർ സി.ഐ. എസ്.എം. റിയാസ്, എസ്. ഐ. വിനോദ് വിക്രമാദിത്യൻ ജി.എസ്.ഐ. മാഹീൻ, എ.എസ്.ഐ. ദിലീപ് എസ്. സി.പി. മാമാരായ ജുഗുനു, സന്തോഷ്, ബിനോജ്, ഡീൻ, ജ്യോതിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിനുപയോഗിച്ച ബൈക്കും മൊബൈൽ ഫോണുകളും പിടികൂടി.