തിരുവനന്തപുരം: സ്ത്രീകൾക്ക് ഏറ്റവും സുരക്ഷയുള്ള സംസ്ഥാനങ്ങളിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കേണ്ടത് നമ്മുടെ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ രണ്ടാം സ്ഥാനമാണ് കേരളത്തിന്.
വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ആഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വനിതാരത്ന പുരസ്‌കാരവും വിതരണം ചെയ്തു.
സ്ത്രീ മുന്നേറ്റത്തിന്റെ പിന്തുടർച്ചാ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. സ്ത്രീയെ പൂജിക്കുന്നിടത്ത് ദേവത കളിയാടുന്നു. ഇതു പറഞ്ഞുകൊണ്ടു തന്നെ സ്ത്രീയെ നിന്ദിക്കുകയും ചവിട്ടിത്തേയ്ക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ ഇവിടെയുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. തൊഴിലവസരം വർദ്ധിപ്പിക്കാൻ നൈപുണ്യ പരിശീലന പരിപാടികൾ, പൊലീസ് സേനയിലെ സ്ത്രീപ്രാതിനിദ്ധ്യം, പിങ്ക് പൊലീസ്, സ്ത്രീകൾക്കു മാത്രമായി ഒരു ബറ്റാലിയൻ എന്നിവ നടപ്പാക്കി. പൊതു ഇടങ്ങളിലെ രാത്രി നടത്തം 600 കേന്ദ്രങ്ങളിൽ ഇതിനകം പരീക്ഷിച്ചു.
മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയായിരുന്നു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വി.കെ. പ്രശാന്ത് എം.എൽ.എ, പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ, ജെൻഡർ അഡ്വൈസർ ഡോ. ടി.കെ. ആനന്ദി, വനിത വികസന കോർപറേഷൻ എം.ഡി. വി.സി. ബിന്ദു, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം തുടങ്ങിയവർ സംസാരിച്ചു.
സി.ഡി. സരസ്വതി, പി.യു. ചിത്ര, പി.പി. രഹ്നാസ്, ഡോ. പാർവതി പി.ജി. വാര്യർ, ഡോ. വനജ എന്നിവർ വനിതാരത്ന പുരസ്‌കാരവും ശ്രുതി ഷിബുലാൽ, പൂർണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവർ വനിത സംരംഭകത്വ അവാർഡും ഏറ്റുവാങ്ങി. പത്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിഅമ്മയെ ആദരിച്ചു.