തിരുവനന്തപുരം: ചാരക്കേസിൽ കുടുക്കിയതിന് എെ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നൽകിയ നഷ്ടപരിഹാരത്തുക ആരോപണ വിധേയരായ അന്നത്തെ പൊലീസ് ഓഫീസർമാരിൽ നിന്ന് ഈടാക്കാൻ സർക്കാർ തിരുവനന്തപുരം രണ്ടാം സബ് കോടതിയിൽ പുനഃപരിശോധനാഹർജി നൽകി.
നമ്പി നാരായണൻ നൽകിയിരുന്ന നഷ്ടപരിഹാര കേസിൽ സർക്കാരിന് പുറമേ മുൻ ഡി.ജി.പിമാരായ സിബി മാത്യൂസ്, ടി.പി. സെൻകുമാർ,ഡിവെെ.എസ്.പി ജോഗേഷ്, സി.എെ വിജയൻ,ഇന്റലിജൻസ് ബ്യൂറോയിലെ ജോയിന്റ് ഡയറക്ടർമാരായ മാത്യൂ ജോൺ,ആർ.ബി.ശ്രീകുമാർ എന്നിവരെ എതിർകക്ഷികളാക്കിയിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ മദ്ധ്യസ്ഥനായി സർക്കാർ നടത്തിയ ചർച്ചയിൽ ഒരു കോടി മുപ്പതു ലക്ഷം രൂപ കൈപ്പറ്റി കേസ് പിൻവലിക്കാൻ ധാരണയായി. അക്കാര്യം കോടതിയിൽ ബോധിപ്പിച്ച് ഉത്തരവ് വാങ്ങി തുക കൈമാറുകയും ചെയ്തു. എന്നാൽ, എതിർകക്ഷികളായ പൊലീസ് ഓഫീസർമാരിൽ നിന്ന് ഈ തുക ഈടാക്കാൻ കോടതി കല്പിച്ചില്ല. ഈ ഉത്തരവ് പുന:പരിശോധിയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ അനുവദിച്ച പത്ത് ലക്ഷവും സുപ്രീം കോടതി ഉത്തരവിട്ട അൻപത് ലക്ഷത്തിനും പുറമെയുള്ള തുകയാണിത്.