തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ നഗരം ഭക്തജനത്തിരക്കിൽ അമർന്നു. പൊങ്കാല സാധനങ്ങളുടെ വില്പന പാതയോരങ്ങളിൽ തകൃതിയായി നടക്കുന്നു. മൺകലങ്ങളും മറ്റു സാധനങ്ങളും വാങ്ങി പൊങ്കാലയ്ക്കുള്ള അവസാനവട്ട ഒരുക്കൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഓരോ ഭക്തരും. പൊങ്കാല അർപ്പിക്കാൻ എത്തുന്നവർക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ നാൽപ്പത്തിയഞ്ച് ലക്ഷത്തോളം ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുമെന്നാണ് ട്രസ്റ്റിന്റെ കണക്കുകൂട്ടൽ.

ഏഴാം ഉത്സവ ദിവസമായ ഇന്നലെ വൻ ഭക്തജനത്തിരക്കാണ് രാവിലെ മുതൽ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. കോവലന്റെ മരണവാർത്ത അറിഞ്ഞ ദേവി കൈലാസത്തിൽ പോയി പരമശിവനിൽ നിന്നു വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ തോറ്റംപാട്ട്. ഇതിന്റെ ദുഃഖസൂചകമായി ക്ഷേത്രനട ഇന്നലെ രാവിലെ ഏഴിനാണ് തുറന്നത്.

പൊങ്കാലയ്ക്ക് മുമ്പ് അമ്മയെ വണങ്ങി അനുഗ്രഹം വാങ്ങാനുള്ള ഭക്തരുടെ ഒഴുക്കാണ് ഇപ്പോൾ ക്ഷേത്രനടയിൽ. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളെല്ലാം ഭക്തജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ബണ്ട് റോഡും കഴിഞ്ഞ് കാലടി ജംഗ്ഷൻ വരെ വാഹന പാർക്കിംഗ് നീണ്ടു.

നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും വീടുകൾക്ക് മുന്നിലും അടുപ്പ് കൂട്ടാനുള്ള ഇഷ്ടികകൾ നിരത്തിക്കഴിഞ്ഞു. ഇന്ന് അവധി ദിവസമായതിനാൽ ഇന്നലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങിയവർ അടുപ്പ് വയ്ക്കാനുള്ള ഇടംപിടിച്ചുകഴിഞ്ഞു. മറ്റ് ജില്ലകളിൽ നിന്നും ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ പൊങ്കാല അർപ്പിക്കാൻ പതിവായി എത്തുന്നവർ ഇന്നലെ രാത്രിയോടെ എത്തിത്തുടങ്ങി. തങ്ങളുടെ വീടിന് മുന്നിൽ പരമാവധി ഭക്തർക്ക് പൊങ്കാലയിടാനുള്ള ഒരുക്കത്തിലാണ് ഓരോ വീട്ടുകാരും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരും, ക്ഷേത്ര പരിസരത്തെ മിക്ക വീടുകളിലും അന്നദാനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഐതിഹ്യമനുസരിച്ച് ആറ്റുകാൽ അമ്മ കിള്ളിയാറ്റിനിക്കരെ വാഴുന്നതിനാൽ പരിസരത്ത് പൊങ്കാല അർപ്പിക്കാൻ കഴിയുന്നത് പുണ്യമായാണ് ഭക്തർ കരുതുന്നത്. എന്നാൽ ഭക്തരുടെ വൻതിരക്ക് കാരണം പൊങ്കാലക്കലങ്ങൾ നഗരം കീഴടക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.20 പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ നഗരം യാഗശാലയാകും. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം.