ട്വന്റി 20 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന്
ഇന്ത്യ-ആസ്ട്രേലിയ ഫൈനൽ
12.30 pm
സ്റ്റാർ സ്പോർട്സിൽ ലൈവ്
മെൽബൺ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു മത്സരത്തിനായി ഹർമൻ പ്രീത് കൗറും കൂട്ടരും ഇന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ വിശാലതയിലേക്ക് ഇറങ്ങുകയാണ്. ഒരുപക്ഷേ ഒരു വനിത കായിക മത്സരത്തിന് ലഭിക്കാവുന്ന റെക്കാഡു കാണികളുടെ ആരവം അവിടെ അലയടിക്കും. ശതകോടി ഇന്ത്യൻ ജനതയുടെ പ്രാർത്ഥനകളും.
ചരിത്രത്തിലാദ്യമായി വനിത ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. എതിരാളികളാവുന്നത് നാലുതവണ കിരീടം നേടിയിട്ടുള്ള അഞ്ചുതവണ ഫൈനലിൽ കളിച്ചിട്ടുള്ള ആസ്ട്രേലിയയും ആതിഥേയരെന്ന ആനുകൂല്യവും അവർക്കുതന്നെ. പക്ഷേ ഇൗ പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് കലാശക്കളിയിൽ വെന്നിക്കൊടി പാറിക്കാൻ ഹർമൻപ്രീതിന്റെ മാലാഖമാർക്ക് കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽതന്നെ അതൊരു ചരിത്ര സംഭവമായി മാറും. 1983 ൽ ലോഡ്സിൽ കപ്പുയർത്തിയ കപിലിനെപ്പോലെ, 2007 ലും 2011 ലും ലോക കിരീടങ്ങൾ ഉയർത്തിയ ധോണിയെപ്പോലെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമുദ്രയായി നാളെ ഹർമൻ പ്രീതിനെയും കാലം വാഴ്ത്തും.
വമ്പൻ എതിരാളികളെ വീഴ്ത്താൻ 16 കാരിയായ ഷെഫാലി വർമ്മയുടെ ഉഗ്രൻ ഫോമാണ് ഇന്ത്യ വജ്രായുധമായി കരുതി വച്ചിരിക്കുന്നത്. കൗമാരക്കാരിതന്നെയായ ജെമീമ റോഡ്രിഗസും മികച്ച ബാറ്റിംഗ് ഫോളിലാണ്. എന്നാൽ ഫൈനലിന്റെ സമ്മർദ്ദം താങ്ങാൻ ഇരുവർക്കും കഴിയണമെന്നില്ല. ഇൗ ലോകകപ്പിൽ ഇതുവരെ ഫോമിലേക്ക് ഉയരാൻ കഴിയാത്ത ക്യാപ്ടൻ ഹർമൻപ്രീത് കൗറിനും വൈസ് ക്യാപ്ടൻ സ്മൃതി മന്ദാനയ്ക്കും മുന്നിൽ ടീമിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള അവസാന അവസരമാണിത്. പൂനം യാദവ്, ശിഖ പാണ്ഡെ, രാധായാദവ് തുടങ്ങിയവരുടെ ബൗളിംഗിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.
ഇൗ ലോകകപ്പിന്റെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് ആസ്ട്രേലിയയെ കീഴടക്കാനായിരുന്നു. അതിനുമുമ്പ് ആസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഒരു മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ നിർണായക മത്സരങ്ങളിൽ സമ്മർദ്ദം തരണം ചെയ്യാൻ എങ്ങനെ കഴിയും എന്നതാണ് പ്രധാന പ്രശ്നം. 2017 ഏകദിന ലോകകപ്പിന്റെ ഫൈനലിലും 2018 ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിലും ഇന്ത്യ ഇംഗ്ളണ്ടിനോട് തോറ്റത് സമ്മർദ്ദ ഘട്ടങ്ങൾ കീഴടക്കാനുള്ള പ്രയാസം മൂലമാണ്. ഇക്കുറി സെമിയിൽ ഇംഗ്ളണ്ടിനെ നേരിടാതെ ഫൈനലിലെത്താൻ മഴ തുണച്ചത് ശുഭസൂചനയായാണ് ഇന്ത്യൻ താരങ്ങൾ കാണുന്നത്.
നായിക ഹർമൻ പ്രീതിന്റെ 31-ാം ജന്മദിനം ലോകകപ്പ് കൊണ്ട് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്
കൂട്ടുകാരികൾ. ഒറ്റവിജയം മാത്രം മതി ചരിത്രം തിരുത്തിയെഴുതാനെന്ന് നീലക്കുപ്പായത്തിലിറങ്ങുന്ന പെൺപുലികൾക്കറിയാം. വനിതാ ക്രിക്കറ്റിലെന്നല്ല, രാജ്യത്തിന്റെ വനിതാ കായിക രംഗത്ത് തന്നെ പാദമുദ്ര പതിപ്പിച്ച് മെൽബണിൽ നിന്ന് ലോക കിരീടവുമായി ഹർമൻ പ്രീതും സംഘവും എത്തുവാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം.
ഇന്ത്യയുടെ കരുത്തും വെല്ലുവിളിയും
1. ഇതുവരെയുള്ള മത്സരങ്ങൾ എല്ലാം ജയിക്കാൻ കഴിഞ്ഞതും ഏറെ ഭയപ്പെട്ടിരുന്ന ഇംഗ്ളണ്ടിനെതിരായ സെമിഫൈനൽ ഒഴിവായതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
2. ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, പൂനം യാദവ്, ശിഖ പാണ്ഡെ തുടങ്ങിയവർക്ക് ടൂർണമെന്റിന് ഉടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നുണ്ട്.
3. ടീമെന്ന നിലയിൽ കൂട്ടായ മികവ് പ്രകടിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നതാണ് നാല് വിജയങ്ങൾക്കും ആധാരമായത്.
4. തോൽപ്പിക്കാൻ കഴിയാത്തവരല്ല ആസ്ട്രേലിയ എന്ന് ത്രിരാഷ്ട്ര പരമ്പരയിലും ലോകകപ്പിലെ ആദ്യമത്സരത്തിലും തെളിയിച്ചു.
വെല്ലുവിളി
1. ഏറ്റവും പരിചയ സമ്പത്തുള്ള അഞ്ച് ലോകകപ്പുകൾ നേടിയിട്ടുള്ള ടീമാണ് ആസ്ട്രേലിയ . ഇന്ത്യയ്ക്ക് ഇതുവരെ ഒരു ഐ.സി.സി കിരീടംപോലും നേടാനായിട്ടില്ല.
2. ആസ്ട്രേലിയൻ താരങ്ങൾ പെർഫോമൻസിൽ ഒരുപടി മുന്നിലാണെന്ന് പറയാം. പരിചയസമ്പത്തും അവർക്കാണ്.
3. സ്മൃതി മന്ദാനയും ഹർമൻ പ്രീതും ഇതുവരെ കഴിവിനൊത്ത് ഉയരാത്തത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ്.ഫൈനലിന്റെ സമ്മർദ്ദം ഉൾക്കൊള്ളാൻ ഇവരോളം ശേഷിയുള്ളവർ ഇന്ത്യൻ ടീമിലില്ല.
4. മെൽബണിലെ ഗാലറിയുടെ പിന്തുണ ഒാസീസിനായിരിക്കും. ആരാധക പിന്തുണ അവരെ നന്നായി പ്രചോദിപ്പിക്കുകയും ചെയ്യും.
സാദ്ധ്യത ഇലവനുകൾ
ഇന്ത്യ : ഷെഫാലി ബെർമ്മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർമൻ പ്രീത് കൗർ, ദീപ്തി ശർമ്മ, വേദ കൃഷ്ണമൂർത്തി, തനിത ഭാട്യ, ശിഖ പാണ്ഡെ, രാധായാദവ്, പൂനം യാദവ്, രാജേശ്വരി ഗേയ്‌ക്ക്‌വാദ്.
ആസ്ട്രേലിയ
ബെത്ത് മൂണി,ആലിസ ഹെയ്‌ലി, മെഗ് ലാന്നിംഗ്, ആഷ്‌ലി ഗാർഡ്‌നർ, റേച്ചൽ ഹെയ്‌നസ്, ജെസ് ജൊനാഡൺ, നിക്കോള കാരേയ്, ഡെലിസ കിമ്മിൻസ്, ജോർജിയ വേർഹാം/മോളി സ്ട്രാനോ, സോഫി മോളിനക്‌സ്, മേഗൻ ഷൂട്ട്.
90000 ത്തിലധികം കാണികൾക്ക് മുന്നിൽ കളിക്കുക അപൂർവമായ അനുഭവമായിരിക്കും. ആ നിമിഷം ആസ്വദിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ.
ഹർമൻപ്രീത് കൗർ
ഇന്ത്യൻ ക്യാപ്ടൻ
ഫൈനൽ ഇത്രയും വലിയ സംഭവമാകുമെന്ന് കരുതിയിരുന്നില്ല. മെൽബണിൽ വൻ ജനക്കൂട്ടത്തിന് മുന്നിൽ കളിക്കാനായി ത്രില്ലടിച്ച് കാത്തിരിക്കുകയാണ്.
മെഗ് ലാന്നിംഗ്
ആസ്ട്രേലിയൻ ക്യാപ്ടൻ
ഇൗ ഫൈനലിൽ ആസ്ട്രേലിയ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ ഇന്ത്യയാണ് ജയിക്കുന്നതെങ്കിൽ അത് വനിതാ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതായിരിക്കും. ഷെഫാലി ബർമ്മ അത്ഭുത പ്രതിഭയാണ്. ഒാസീസിന് ജയിക്കണമെങ്കിൽ ഷെഫാലിയെ നേരത്തെ പുറത്താക്കിയേ മതിയാകൂ.
ബ്രെറ്റ്‌ലി
മുൻ ആസ്ട്രേലിയൻ ക്രിക്കറ്റർ.
90000
ത്തിലധികം കാണികൾ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷ. 1999 ഫിഫ വനിതാ ലോകകപ്പിൽ അമേരിക്കയും ചൈനയും തമ്മിലുള്ള ഫൈനലിന്റെ കാണികളുടെ റെക്കാഡ് ഇന്നത്തെ മത്സരം തകർത്തേക്കും.