തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാലയിലൂടെ ആത്മസമർപ്പണം നടത്തുന്ന പുണ്യദിനം നാളെയാണ്. ആ മുഹൂർത്തത്തിനായി അനന്തപുരിയും പരിസരപ്രദേശങ്ങളും ഒരുങ്ങി നിൽക്കുന്നു.
നാളെ രാവിലെ 10.20നാണ് അടുപ്പുവെട്ട്. ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പിൽ 10.29ന് ജ്വലിപ്പിക്കുന്ന അഗ്നി നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് പകരും. അതോടെ ''അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ" മന്ത്രങ്ങളാൽ അനന്തപുരി മുഖരിതമാവും.
ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരിക്ക് കൈമാറും. വലിയ തിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹ മേൽശാന്തിക്ക് കൈമാറും. ചെറിയ തിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിച്ച ശേഷം പണ്ടാര അടുപ്പിലേക്ക് തീ പകരുമ്പോൾ ചെണ്ടമേളം മുഴങ്ങും. ഒപ്പം വെടിക്കെട്ടും. ഭക്തർ വായ്‌ക്കുരവകളോടെ ധന്യ മുഹൂർത്തത്തെ എതിരേൽക്കും. ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പ് കേൾക്കാൻ സാധിക്കാത്ത പ്രദേശങ്ങളിൽ പൊലീസ് മൈക്കിലൂടെ സമയം അറിയിക്കും.
ഉച്ചയ്ക്ക് രണ്ടേകാലിനാണ് പൊങ്കാല നൈവേദ്യം. ആ നിമിഷം സെസ്ന വിമാനം നഗരത്തിൽ വട്ടം പറന്ന് പൂക്കൾ വർഷിക്കും. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നു പകർന്ന തീർത്ഥം 250 പൂജാരിമാർ പൊങ്കാല നൈവേദ്യത്തിൽ തളിക്കുന്നതോടെ നിറ മനസുമായി ഭക്തർ വീടുകളിലേക്കു മടങ്ങും.