തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൈറ്റ് ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരത്തിൽ 24 മണിക്കൂറും സജീവമായിരിക്കുന്ന കേന്ദ്രങ്ങളാക്കാൻ ഏഴ് സ്ഥലങ്ങൾ നഗരസഭാ കൗൺസിൽ നിർദ്ദശിച്ചു. കഴക്കൂട്ടം, കോവളം, എയർപോർട്ട് പരിസരം, തമ്പാനൂർ, മാനവീയം, വെള്ളയമ്പലം, കവടിയാർ എന്നിവിടങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. കൗൺസിൽ യോഗത്തിൽ മേയർ ഈ വിഷയം അവതരിപ്പിച്ചെങ്കിലും ചർച്ച കൂടാതെ പാസാക്കുകയായിരുന്നു. കൂടുതൽ സ്ഥലങ്ങൾ നിർദ്ദേശിക്കാനോ, തിരഞ്ഞെടുത്തിൽ പോരായ്മ ചൂണ്ടിക്കാട്ടാനോ ആരും തയ്യാറായില്ല. നഗരത്തിലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ കണ്ടെത്താൻ സർക്കാർ കോർപ്പറേഷനോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് മേയർ കെ. ശ്രീകുമാറിന്റെ ഫേസ്ബുക്ക് പേജിലൂടെ നിർദ്ദേശങ്ങൾ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻഗണന ക്രമത്തിൽ സ്ഥലങ്ങൾ നിർദ്ദേശിച്ചത്. കോർപറേഷന്റെ നിദ്ർദേശം ഉടൻ സർക്കാരിന് കൈമാറും. ഈ മാസം അവസാനത്തോടെ നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യം. ടെക്‌നോപാർക്കിനും പരിസവും ഉൾപ്പെടുന്ന കഴക്കൂട്ടമാണ് ഏറ്റവും കൂടുതൽ പേർ നിർദ്ദേശിച്ചത്. കഴക്കൂട്ടത്ത് ചുറ്റുവട്ടത്തും ഇപ്പോൾ തന്നെ നിരവധി സ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളാണ് ഇതിലേറെയും. ഐ.ടി മേഖലകളാണ് നൈറ്റ് ലൈഫിന് അനയോജ്യമെന്നാണ് നിർദ്ദേശിച്ചവരിൽ ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയത്. 24 മണിക്കൂറും വ്യാപാര വാണിജ്യ വിനോദ കേന്ദ്രങ്ങൾ തുറന്നിരിക്കുന്ന കേന്ദ്രങ്ങൾ മറ്റ് നഗരങ്ങളിലുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം സംവിധാനം തലസ്ഥാനത്ത് ആരംഭിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിനാണ് ജനപിന്തുണയിൽ രണ്ടാം സ്ഥാനം.