തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിൽ നിന്നും തിരിച്ചും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ നടത്തും. കിഴക്കേകോട്ട, തമ്പാനൂർ, കമലേശ്വരം, പനവിള, കിള്ളിപ്പാലം, വെള്ളയമ്പലം, പാളയം എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. പൊങ്കാലയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നാളെ രാത്രി 8 മണിവരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ ടിപ്പറുകൾ, ലോറികൾ, സിമന്റ് മിക്സർ, തടി ലോറികൾ, കണ്ടെയ്‌നർ ലോറികൾ, ചരക്കുവണ്ടികൾ മുതലായ ഹെവി വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടാവും.
പാർക്കിംഗ് ഇവിടെയൊക്കെ
സ്വകാര്യ വാഹനങ്ങൾ പാപ്പനംകോട് എൻജിനിയറിംഗ് കോളേജ്, നീറമൺകര എൻ.എസ്.എസ് കോളേജ്, എം.എം.ആർ.എച്ച്.എസ് നീറമൺകര, ശിവാ തിയേറ്റർ റോഡ് (ഒരു വശം മാത്രം), കൽപ്പാളയം മുതൽ നീറമൺകര പെട്രോൾ പമ്പ് വരെ ( ഒരു വശം മാത്രം), വേൾഡ് മാർക്കറ്റ്, ശംഖുംമുഖം ഗ്രൗണ്ട്, പൂജപ്പുര മൈതാനം, തൈക്കാട് പൊലീസ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന സ്ഥലങ്ങൾ
*ആറ്റിങ്ങൽ ഭാഗത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മംഗലപുരത്ത് നിന്ന് പോത്തൻകോട്, കാട്ടായിക്കോണം, ശ്രീകാര്യം വഴി വന്ന് കേശവദാസപുരം- പട്ടം - പി.എം.ജി - മ്യൂസിയം - വെള്ളയമ്പലം- വഴുതക്കാട് -പൂജപ്പുര - കരമന - പ്രാവച്ചമ്പലം വഴി പോകണം.
*എം.സി റോഡ് വഴി കിളിമാനൂർ - വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കേശവദാസപുരം - പട്ടം - കുറവൻകോണം - കവടിയാർ -വെള്ളയമ്പലം - വഴുതക്കാട് -പൂജപ്പുര- കരമന വഴി പോകണം.
*പേരൂർക്കട ഭാഗത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഊളൻപാറ- പൈപ്പിൻമൂട്- ശാസ്തമംഗലം- ഇടപ്പഴിഞ്ഞി- പൂജപ്പുര- കരമന വഴി പോകണം. പൊങ്കാല കഴിഞ്ഞ് തിരികെ പോകുന്ന വാഹനങ്ങൾ കരമന -കൈമനം - പാപ്പനംകോട് വഴിയും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകണം.
*നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം ഭാഗത്ത് നിന്ന് തിരിഞ്ഞ് ഉച്ചക്കട - മുക്കോല- വിഴിഞ്ഞം - കോവളം ബൈപ്പാസ് വഴിയോ ബീച്ച് റോഡ് വഴിയോ പോകണം. പൊങ്കാല കഴിഞ്ഞ് ആറ്റിങ്ങൽ, കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് റോഡിലൂടെ കഴക്കൂട്ടം വഴിയോ, പൂന്തുറ, വലിയതുറ, ശംഖുംമുഖം, വേളി, തുമ്പ, പുതുക്കുറുച്ചി, പെരുമാതുറ, പുതിയപാലം വഴി അഞ്ചുതെങ്ങ്, വർക്കല വഴി പോകണം.
നോ പാർക്കിംഗ്
പൊങ്കാല ഇടാനായി ഭക്തജനങ്ങൾ വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലോ എം.സി/എൻ.എച്ച്/എം.ജി റോഡുകളിലും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. അങ്ങനെ ചെയ്താൽ മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ നീക്കം ചെയ്യും.
*ടൈൽ പാകിയ ഫുട്പാത്തുകളിലും പ്രധാന ജംഗ്ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും പണി നടക്കുന്ന സ്ഥലങ്ങളിലും ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല
* തീപിടിത്തം ഒഴിവാക്കാനായി പൊങ്കാല അടുപ്പുകൾക്ക് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യരുത്
*സഹായത്തിനുള്ള നമ്പരുകൾ: 9497975000, 0471 2558731, 2558732