university-college-trivan

തിരുവനന്തപുരം: അവസാന നിമിഷംവരെ പോയിന്റ് നില മാറിമറിഞ്ഞ കേരള സർവകലാശാല യുവജനോത്സവത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഓവറോൾ ചാമ്പ്യന്മാരായി. 239 പോയിന്റുകൾ സ്വന്തമാക്കിയാണ് കലാകിരീടം ചൂടിയത്. ഇരുപത്തിമൂന്നു വർഷങ്ങൾക്കുശേഷമാണ് ഈ നേട്ടം. 229 പോയിന്റോടെ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ നാലാഞ്ചിറ മാർ ഇവാനിയോസ് റണ്ണറപ്പായി. 180 പോയിന്റ് നേടിയ വഴുതക്കാട് വിമൻസ് കോളേജാണ് മൂന്നാം സ്ഥാനത്ത്.

26 പോയിന്റുകൾ നേടിയ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ വി.എസ് നീരജ് കലാപ്രതിഭയും 25 പോയിന്റുകൾ നേടിയ നീറമൺകര എൻ.എസ്.എസ് കോളേജിലെ മാളവിക എസ്. ഗോപൻ കലാതിലകവുമായി.

യൂണിവേഴ്‌സിറ്റി കോളേജിലെ എച്ച്. ആര്യയും 25 പോയിന്റ് നേടിയിരുന്നു. ഇരുവരും ഒരേ പോയിന്റുകൾ നേടിയ സാഹചര്യത്തിൽ വിവിധ മത്സരങ്ങളിൽ ലഭിച്ച മാർക്കുകൾ പരിശോധിച്ചു. ഇതിൽ കൂടുതൽ മാർക്ക് നേടിയതിന്റെ അടിസ്ഥാനത്തിലാണ് മാളവികയെ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുത്തത്. പുരുഷ വിഭാഗത്തിൽ 23 പോയിന്റുകൾ സ്വന്തമാക്കിയ മാർ ഇവാനിയോസിലെ എസ്.എസ് വിഷ്ണുറാം രണ്ടാം സ്ഥാനത്തെത്തി

ആദ്യദിനം മുതൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച മാർ ഇവാനിയോസിനെ അവസാന നിമിഷമാണ് യൂണിവേഴ്‌സിറ്റി കോളേജ് മറികടന്നത്. അതേസമയം, ഫലപ്രഖ്യാപനത്തിലെ അപാകതയെച്ചൊല്ലി വെള്ളിയാഴ്ച രാത്രി മത്സര വേദിയിൽ വിദ്യാർത്ഥികൾ മണിക്കൂറുകളോളം ഏറ്റുമുട്ടുകയും, സംഘർഷാവസ്ഥ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇന്നലത്തെ സമാപന സമ്മേളനം റദ്ദാക്കി. സാങ്കേതിക കാരണങ്ങളാൽ സമാപന സമ്മേളനം മാറ്റിവയ്ക്കുകയാണെന്നും പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു.