corona-football
corona football

ശ്രീനഗർ : ജമ്മുകാശ്മീരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നലെ ഗുൽ മാർഗിൽ തുടങ്ങിയ പ്രഥമ ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ സുരക്ഷ ആശങ്കയിലായി.

കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവാണ് ഗെയിംസ് ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നത്. ബുധനാഴ്ച വരെയാണ് ഗെയിംസ്. 900 ത്തോളം കായികതാരങ്ങളാണ് പങ്കെടുക്കാനെത്തുന്നത്. ഗെയിംസ് മാറ്റിവയ്ക്കണമെന്ന് ശ്രീനഗർ മേയർ ജുനൈദ് മട്ടു പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു.

ഹോക്കി താരങ്ങൾക്ക്

നമസ്‌തേ പരിശീലനം

കൊറോണ ഭീഷണി ഒഴിവാക്കുന്നതിനായി മത്സരങ്ങൾക്കിടെ ഷേക് ഹാൻഡ് നൽകുന്നതും കൈ കോർക്കുന്നതും അവസാനിപ്പിച്ച് മുഷ്ടി ചുരുട്ടി തട്ടുന്നതും നമസ്തെ പറയുന്നതും പരിശീലിക്കുകയാണ് ഇന്ത്യൻ ഹോക്കി ടീം. ബംഗളുരുവിലെ സായ് സെന്ററിലാണ് ഇന്ത്യൻ ടീം പുതുരീതികൾ പരിശീലിക്കുന്നത്.

അടുത്തമാസം ഇന്ത്യൻ പുരുഷ വനിതാ ടീമുകൾ യൂറോപ്യൻ പര്യടനത്തിന് തിരിക്കുന്നുണ്ട്. പുരുഷ ടീം ജർമ്മനിയിലേക്കും ഇംഗ്ളണ്ടിലേക്കുമാണ് പോകുന്നത്. വനിതാ ടീം ഹോളണ്ടിലേക്കാണ് പോകുന്നത്. ഇൗ പര്യടനങ്ങളിൽ ഹസ്തദാനം ഒഴിവാക്കാണ് നിർദ്ദേശം.

ഡേവിസ് കപ്പ് മത്സരങ്ങളിൽ ഹസ്തദാനം ഒഴിവാക്കി മുഷ്ടി ചുരുട്ടി തട്ടുന്നത് പതിവാക്കാൻ ടെന്നിസ് ഫെഡറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കളിക്കാരുടെ വിയർപ്പ് തുടയ്ക്കുന്ന ടവ്വൽ പിടിക്കുന്ന ബാൾ ബോയ്സിന് ഗ്ളൗസും നൽകി.

ഖത്തറിനെതിരായ ലോകകപ്പ്

യോഗ്യതാ മത്സരം മാറ്റിവച്ചു

ന്യൂഡൽഹി : ഖത്തറിൽ കൊറോണ വൈറസ് വ്യാപകമായതോടെ ഇൗമാസം 26ന് ഭുവനേശ്വറിൽ നടക്കേണ്ട ഇന്ത്യയും ഖത്തറും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം മാറ്റിവച്ചതായി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.

ഖത്തറിൽ നിന്നുള്ള ടീമിനെ ഇന്ത്യയിലേക്ക് വരുത്തുന്നത് രോഗ വ്യാപനത്തിന് സാദ്ധ്യതയുണ്ടാകുമെന്നതുകൊണ്ടാണ് ഇൗ തീരുമാനമെടുത്തത്. അടുത്തയാഴ്ച മത്സരത്തിന്റെ പുതിയ തീയതി നിശ്ചയിക്കും.

ചൈന, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ കൊറോണ കടുത്തതോടെ ഫുട്ബാൾ മത്സരങ്ങളെയാണ് സാരമായി ബാധിച്ചത്. ഏഷ്യൻ മേഖലാ ക്ളബ് ഫുട്ബാൾ മത്സരങ്ങൾ പലതും മുടങ്ങിയിരിക്കുകയാണ്. യൂറോപ്പിലും ഫിഫ ലോകകപ്പ് യോഗ്യതാമത്സരങ്ങൾ ഉൾപ്പെടെ മുടങ്ങിക്കഴിഞ്ഞു.

രഞ്ജി ട്രോഫി

ഫൈനലിന് പുജാരയും

രാജ്കോട്ട് : നാളെ ബംഗാളിനെതിരെ തുടങ്ങുന്ന രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പുജാരയും കളിക്കാനിറങ്ങും . ന്യൂസിലൻഡ് പര്യടനത്തിൽ നിരാശപ്പെടുത്തിയിരുന്ന പുജാര ഫോം വീണ്ടെടുക്കാനാണ് രഞ്ജി ട്രോഫി ഇറങ്ങുന്നത്.

തോറ്റിട്ടും ചെന്നൈയിൻ ഫൈനലിൽ

മഡ്ഗാവ് : രണ്ടാംപാദ സെമിയിൽ 4-2ന് ജയിച്ചെങ്കിലും എഫ്.സി ഗോവ ഐ.എസ്.എൽ ഫൈനൽ കാണാതെ പുറത്തായി. ആദ്യപാദ സെമിയിൽ 4-1ന് ജയിച്ചിരുന്ന ചെന്നൈയിൻ 6-5 എന്ന ഗോൾ മാർജിനിലാണ് ഫൈനലിലെത്തിയത്.

ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാംപാദ സെമിയിൽ എ.ടി.കെ. ബംഗളുരുവിനെ നേരിടും. ആദ്യപാദത്തിൽ ബംഗളുരു 1-0 ത്തിന് ജയിച്ചിരുന്നു. ഇന്ന് എ.ടി.കെയുടെ തട്ടകത്തിലാണ് മത്സരം.