1

പൂവാർ: വെയിലും മഴയുമേറ്റ് വ്യാപാരികൾ, മൂടിയില്ലാത്ത അഴുക്കുചാൽ, സുരക്ഷിതമായ മാലിന്യ സംസ്കരണം കാണാൻപോലുമില്ല, വലിയകെട്ടിടങ്ങൾക്ക് നടുവിൽ ഇടുങ്ങിയ സ്ഥലത്ത് ശുദ്ധവായു പോലുമില്ലാതെ കച്ചവടക്കാർ, സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് നിന്ന് തിരിയാൻ ഇടമില്ല. ഒപ്പം ദുർഗന്ധവും. ഇതാണ് കാഞ്ഞിരംകുളം പൊതുമാർക്കറ്റ്. പരാതികളും ദുരവസ്ഥകളും നിറഞ്ഞ മാർക്കറ്റ്. ഇനിയും തീർന്നിട്ടില്ല, വ്യാപാരികൾക്കും മാർക്കറ്റിൽ എത്തുന്നവർക്കും അത്യാവശ്യത്തിന് ഒരു ടോയ്ലെറ്റ് പോലും ഇവിടെയില്ല. ചുട്ടുപൊള്ളുന്ന വെയിലത്ത് ആകെ ഉള്ളത് ടാർപ്പോളിൻ വലിച്ച് കെട്ടിയതിന്റെ തണൽമാത്രം.

വളരെ പഴക്കമേറിയതാണ് കാഞ്ഞിരംകുളം മാർക്കറ്റ്. നിത്യസഹായ മാതാ ദേവാലയം പഞ്ചായത്തിന് സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ആദ്യ കാലങ്ങളിൽ നെയ്യാറ്റിൻകര, ബാലരാമപുരം, കോട്ടുകാൽ, കരുംകുളം, തിരുപുറം, പൂവാർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് എത്തിയിരുന്നത്. എന്നാൽ മാർക്കറ്റിന്റെ ദുരവസ്ഥ തുടങ്ങിയതോടെ ഇവിടെ എത്തുന്നവരുടെ എണ്ണവും കുറഞ്ഞു.

രണ്ടാംഘട്ട നിർമ്മാണം നടന്ന ഭാഗത്തെ ചുവരുകൾ പൊട്ടി അടർന്ന് വീഴാൻ തുടങ്ങി. 2001ൽ ഇവിടെ വനിത വിപണന കേന്ദ്രം തുടങ്ങിയെങ്കിലും അതും നിലച്ചു. ഈ കെട്ടിടം പൂർണമായും മാർക്കറ്റിന് വേണ്ടി ഉപയോഗിക്കാണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മാർക്കറ്റിനുള്ളിൽ എം.പി ഫണ്ടിൽ നിന്നും 5രൂപ ചെലവഴിച്ച് നിർമ്മിച്ച ഷെഡിനോട് ചേർന്ന് ഇറച്ചി വില്പന കേന്ദ്രം പ്രവർത്തിക്കുന്നതിനാൽ മത്സ്യ കച്ചവടക്കാർ ഈ പരിസരത്തേക്ക് വരാറില്ല.

2019 -20 സാമ്പത്തിക വർഷത്തിൽ ടാക്സ് ഉൾപ്പെടെ 12 ലക്ഷം രൂപയ്ക്കാണ് മാർക്കറ്റ് ലേലം പോയത്. ഈ വർഷവും ഏതാണ്ട് അതേ തുകയ്ക്ക് തന്നെ ലേലം നടന്നിരിക്കുന്നു. എല്ലാ വർഷവും ലേല നടപടികളോടൊപ്പം പിരിവിന്റെ മാനദണ്ഡങ്ങളും കരാറുകാരന് നൽകാറുണ്ട്. എന്നാൽ അതെല്ലാം കാറ്റിൽപ്പറത്തി തോന്നിയപോലെ പിരിവ് നടത്തുന്നതാണ് പതിവെന്ന് കച്ചവടക്കാർ പറഞ്ഞു.