തിരുവനന്തപുരം : പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നത്തെ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദേശം. പൊങ്കാല മാറ്റിവയ്ക്കാൻ കഴിയാത്തിനാൽ ജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
1പനി, ജലദോഷം മറ്റ് അസ്വസ്ഥതകൾ എന്നിവ ബാധിച്ചവർ ആൾക്കൂട്ടത്തിലേക്ക് എത്തരുത്.
2. ഇറ്റലി, ഇറാൻ, ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് നാട്ടിലെത്തിയവർ അവർ തങ്ങുന്ന വീടുകളിൽ പൊങ്കാലയിടണം.
3. പൊങ്കാലയിടാനെത്തുന്ന എല്ലാവരെയും വീഡിയോയിൽ പകർത്തും. അടിയന്തര സാഹചര്യമുണ്ടായാൽ അടുത്ത് ഇടപഴകിയവരെ കണ്ടെത്താനാണിത്.
4. ആരോഗ്യവകുപ്പിന്റെ 23 പ്രത്യേക സംഘങ്ങളും
പന്ത്രണ്ട് ആംബുലൻസുകളും അഞ്ച് ബൈക്ക് ആംബുലൻസുകളും രംഗത്തുണ്ടാകും.
5.റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പനിയോ ജലദോഷമോ ഉള്ളവരെയും രോഗബാധിത പ്രദേശങ്ങളിൽ നിന്നു മടങ്ങിയെത്തിയവരെയും കണ്ടെത്തണം.