kitts

തിരുവനന്തപുരം: പരീക്ഷാ തീയതി അടുത്തിട്ടും ഇ-ഗ്രാന്റ് സ്കോളർഷിപ്പ് തുക ലഭിക്കാത്തതിൽ വലഞ്ഞ് ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിറ്റ്സിലെ ഒ.ബി.സി വിഭാഗം എം.ബി.എ വിദ്യാർത്ഥികൾ. തൈക്കാട് കിറ്റ്സ് സെന്ററിൽ എം.ബി.എ ടൂറിസം ഒന്നാം വർഷ വിദ്യാർത്ഥികളായ 20 പേരാണ് സ്കോളർഷിപ്പ് തുക ലഭിക്കാത്തതിനാൽ ഫീസടയ്ക്കാനാവാതെ വിഷമിക്കുന്നത്. ഫീസ് ആനുകൂല്യം ലഭിക്കുമെന്ന ഉറപ്പിൽ കോഴ്സിന് ചേർന്ന ഇവരുടെ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കുള്ള തീയതി കഴിഞ്ഞ ദിവസമാണ് വന്നത്. ഏപ്രിൽ ആറിന് ആരംഭിക്കുന്ന പരീക്ഷ എഴുതണമെങ്കിൽ 45,​000 രൂപ ഫീസിനത്തിൽ അടയ്ക്കണം. ഇത് സ്വയം കണ്ടെത്തേണ്ട സ്ഥിതിയിലാണ് ഭിന്നശേഷിക്കാർ ഉൾപ്പെടയുള്ള വിദ്യാർത്ഥികൾ. ആദ്യ സെമസ്റ്ററിന്റെ ഫീസായി അടച്ച 50,​000 രൂപ വിദ്യാർത്ഥികൾക്ക് തിരിച്ച് ലഭിക്കേണ്ടതായിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

ഫീസ് ആനുകൂല്യം അനുവദിച്ച് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ എസ്.സി/ എസ്.ടി വിഭാഗങ്ങൾ എന്ന് മാത്രമേ ഉള്ളൂവെന്നാണ് അറിഞ്ഞതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആനുകൂല്യം ലഭിക്കേണ്ടവരുടെ പട്ടികയിൽ ഒ.ബി.സി വിഭാഗമെന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് സ്കോളർഷിപ്പ് നിഷേധിക്കപ്പെട്ടത്. വിഷയം ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് മന്ത്രിക്കും പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയെങ്കിലും ഉത്തരവിലെ പിശക് ഇത് വരെ തിരുത്തിയിട്ടില്ല.

തൈക്കാടുള്ള കിറ്റ്സിൽ 53 വിദ്യാർത്ഥികൾ പഠിക്കുന്നതിൽ 20 പേരാണ് ഒ.ബി.സി വിഭാഗത്തിലുള്ളത്. എം.ബി.എ രണ്ടാം വർഷക്കാർക്കും മറ്റ് കോഴ്സിലുള്ളവർക്കും സ്കോളർഷിപ്പ് തുക ലഭിക്കുന്നുണ്ട്. ഉത്തരവിലെ പിഴവ് തിരുത്തി സ്കോളർഷിപ്പ് തുക ഉടൻ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

'' പിന്നാക്ക ക്ഷേമ വികസന വകുപ്പാണ് ഫീസ് ആനുകൂല്യം അനുവദിക്കേണ്ടത്. ഇത് സംബന്ധിച്ച് നൽകിയ റിപ്പോർട്ടിന് വകുപ്പ് മറുപടി നൽകിയിട്ടില്ല. ഫീസടയ്ക്കാത്തവരെ പരീക്ഷ എഴുതിക്കുന്നതിനെക്കുറിച്ച് ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്.''

- ശ്രീജ ടി.എസ്

അസി. സെക്‌ഷൻ ഓഫീസർ,​ ടൂറിസം വകുപ്പ്