തിരുവനന്തപുരം : കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തിയവർ രോഗ വിവരം മറച്ചുവയ്ക്കുന്നത് കുറ്റകരമാണെന്നും,കണ്ണ് വെട്ടിക്കുന്നവരുടെ വിവരങ്ങൾ സമീപവാസികൾ അധികൃതരെ അറിയിക്കണമെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
എയർപോർട്ടിലെ ആരോഗ്യവിഭാഗം ജീവനക്കാരെയോ, വീടിന് സമീപത്തെ ആരോഗ്യപ്രവർത്തരെയോ ബന്ധപ്പെടണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ ദമ്പതികളും മകനും അതിന് തയ്യാറായില്ല. ഇതുകാരണം അയൽവാസികളായ രണ്ട് പേർക്ക് കൂടി വൈറസ് ബാധിച്ചു. ഇവർ ഈ മാസം 6 വരെ അടുത്ത് ഇടപഴകിയവരെ കണ്ടെത്തുക എത്രമാത്രം പ്രായോഗികമാകുമെന്ന ആശങ്കയുണ്ട്.
ചൈനയിലെ വുഹാൻ യൂണിവേഴ്സ്റ്റിയിൽ നിന്ന് നേരത്തേ എത്തിയ തൃശൂർ, കാസർകോട്, ആലപ്പുഴ ജില്ലകളിലെ മൂന്നു വിദ്യാത്ഥികൾക്ക് കൊറോണ വൈറസ് ബാധിച്ചങ്കിലും ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതിനാൽ കൂടുതൽ പേരിലേക്ക് പടർന്നില്ല.
12 രാജ്യങ്ങളിൽ നിന്ന്
എത്തുന്നവരെ നിരീക്ഷിക്കും
ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ , ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരെ നിർബന്ധമായും 28 ദിവസം വീടുകളിൽ നിന്ന് പുറത്തിറങ്ങാത്തവിധം നിരീക്ഷണത്തിലാക്കും.
വിളിക്കാം 1056,
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പറിലേക്ക് ഏത് സമയവും വിളിക്കാം. 0471- 2552056 എന്ന കൺട്രോൾ റൂം നമ്പരിലും ബന്ധപ്പെടാം. വിദേശത്ത് നിന്ന് എത്തുന്നവർ വിവരം മറച്ചുവയ്ക്കുകയാണെങ്കിൽ ഇക്കാര്യം മറ്റുള്ളവർക്ക് ഈ നമ്പരുകളിലൂടെ കൈമാറാം.
പനിയോ ജലദോഷമോ ഉണ്ടെങ്കിൽ ഒ.പിയിലോ കാഷ്വാലിറ്റിയിലോ പോകരുത്. ഈ നമ്പരുകളിൽ വിളിക്കുകയോ, സമീപത്തെ ആരോഗ്യവകുപ്പ് അധികതരെ ബന്ധപ്പെടുകയോ ചെയ്യണം. നിർദേശം അനുസരിച്ച് ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രികളിലെത്തണം.