kovalam

വിഴിഞ്ഞം: മുക്കോല കാരോട് ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന ഉയരം കൂടിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. കാഞ്ഞിരംകുളം പഞ്ചായത്തിലെ മൂന്ന് മുക്ക് വാർഡിലെ കല്ലുമല ജംഗ്‌ഷനിലാണ് ഏറ്റവും ഉയരം കൂടിയ മേൽപ്പാലം നിർമ്മിക്കുന്നത്. ഈ വർഷം പകുതിയോടെ റോഡ് പണി പൂർത്തിയാക്കി പാലത്തിന്റെ ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. മുക്കോല മുതൽ കാരോട് വരെയുള്ള ബൈപ്പാസ് നിർമാണത്തിൽ മേൽപ്പാലങ്ങളുളെയും അടിപ്പാതകളുടെയും നിർമാണം ആരംംഭിച്ചുവെങ്കിലും മിക്ക ഇടങ്ങളിലും തർക്കങ്ങളും ജനകീയ പ്രക്ഷോപങ്ങളും കാരണം നിർമ്മാണം ഇഴഞ്ഞ മട്ടാണ്. ഇത് പരിഹരിക്കാൻ ബൈൈപാസ് അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്. മുക്കോല മുതൽ കരോടുവരെയുള്ള റോഡ് പൂർത്തിയാവുമ്പോൾ തമിഴ്നാട്ടിൽനിന്നു വരുന്ന വാഹനങ്ങൾക്ക് കഴക്കൂട്ടത്തെത്താൻ എട്ടുകിലോമീറ്റർ ലാഭിക്കാം. കഴിഞ്ഞവർഷം അവസാനം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബൈപ്പാസിന്റെ നിർമാണം കാലാവസ്ഥ പ്രതികൂലമായതും നിർമാണ സാധനങ്ങൾക്കുണ്ടായ ക്ഷാമവുമാണ് മന്ദഗതിയിലാവാൻ കാരണമായി പറയുന്നത്.

 ബൈപ്പാസിന്റെ ആദ്യഘട്ടമായ കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും അപകടം കണക്കിലെടുത്ത് കോവളം ജംഗ്ഷനിൽ റോഡ് അടച്ചു

 നെയ്യാറിനു കുറുകേ കാട്ടുവിളയിലെ പാലത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയാക്കി. പഴയകട മണ്ണക്കല്ലിലെ അടിപ്പാതയും നിർമിച്ചു.

 പുന്നക്കുളം ചപ്പാത്ത് റോഡിനു കുറുകെയുള്ള മേൽപ്പാലവും നിർമിച്ചു. ഇവിടെ പുന്നക്കുളത്ത് ഇടറോഡിനു മുകളിലുള്ള മറ്റൊരു മേൽപ്പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.

 പുന്നക്കുളം - ചപ്പാത്ത് റോഡിന്റെ ഒരുവശം മണ്ണ് നിറച്ചു. ഒരുവശത്തെ സർവീസ് റോഡും പൂർത്തിയാക്കി.

 ഏതാനും ദിവസം മുൻപ് പുന്നക്കുളത്തെ പ്രൈമറി ഹെൽത്ത് സെന്ററിന് സമീപത്ത് പൊടിശല്യം കാരണം പ്രദേശവാസികൾ നിർമ്മാണം തടഞ്ഞിരുന്നു.

ഉയരമുള്ള മേൽപ്പാലം കല്ലുമലയിൽ

കല്ലുമലയിൽ 30അടിയിലധികം ഉയരത്തിൽ മേൽപ്പാലമാണ് നിർമിക്കുന്നത്. മേൽപ്പാലത്തിനായുള്ള തൂണുകൾ മുഴുവൻ നിർമ്മിച്ചു. ഒപ്പം പാലത്തിന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്. മുക്കോല കാരോട് ബൈപ്പാസിലെ ഏറ്റവും ഉയരമുള്ള മേൽപ്പാലമാണ് കല്ലുമലയിൽ നിർമിക്കുന്നത്. ഇതോടൊപ്പം മുക്കോല കാരോട് ബൈപ്പാസിന്റെ അവസാനമായ കാരോടും മധ്യഭാഗമായ കാഞ്ഞിരംകുളം, പുറുത്തിവിള, മണ്ണക്കല്ല്, മുക്കോല എന്നിവിടങ്ങളിലെ റോഡിലെ കോൺക്രീറ്റിങ്ങും ആരംഭിച്ചു.എന്നാൽ വേങ്ങപ്പൊറ്റയ്ക്ക് സമീപം പ്ലാവിളയിൽ പാലം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും ബൈപാസ് അധികൃതർ തഴഞ്ഞ മട്ടാണ്. ഇവിടെ പാലം നിർമ്മിച്ചില്ലെങ്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏതാനും വാർഡുകൾ രണ്ട് ദ്വീപിന് സമാനമാകുമെന്നും നാട്ടുകാർ പറയുന്നു.

 കഴക്കൂട്ടം - കാരോട് ബൈപ്പാസ് നിർമ്മാണം തുടങ്ങിയിട്ട്....... 3വർഷം

 മുക്കോല- കാരോട് വരെയുള്ള പാത.......... 16.2 കി.മീ

 മുക്കോല- കാരോട് വരെ............ 6 വരിപ്പാത