തിരുവനന്തപുരം: ഓ, ഇന്ന് ഞങ്ങളെ നിങ്ങൾക്ക് വേണ്ടല്ലോ....മാദ്ധ്യമപ്രവർത്തകനോട് കന്റോൺമെന്റ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ പരിഭവം കേട്ട് സ്‌റ്റേഷൻ ചുമതലയിലുണ്ടായിരുന്ന എസ്.ഐ ബീന ബീഗവും വനിത സഹപ്രവർത്തകരും പൊട്ടിച്ചിരിച്ചു. പോട്ടെ സാറെ,​ ഇന്നൊരു ദിവസത്തേക്കല്ലേയെന്ന് മറ്റൊരു പൊലീസുകാരൻ പറഞ്ഞപ്പോൾ,​ പരാതിയില്ലെടോ, അവരും നമ്മളെ പോലെയല്ലേ എന്ന് പറഞ്ഞ് ചിരിയിൽ അദ്ദേഹവും പങ്കാളിയായി. അന്താരാഷ്ട്ര വനിത ദിനാഘോഷങ്ങളുടെ ഭാഗമായി കന്റോൺമെന്റ് സ്റ്റേഷനിലായിരുന്നു ഈ രസകരമായ സംഭാഷണം. ഇവിടെ പത്തനംതിട്ട സ്വദേശിയും വനിത സെൽ എസ്.ഐയുമായ ബീന ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു വനിതകൾ സ്‌റ്റേഷൻ ചുമതല നിർവഹിച്ചത്. 28 വർഷമായി സർവീസിലുള്ള ബീന രണ്ട് വർഷത്തോളം പത്തനംതിട്ടയിൽ എസ്.എച്ച്.ഒയായിരുന്നു. 8 മാസം മുമ്പാണ് തലസ്ഥാനത്തെത്തിയത്. ഇവിടെ ജി.ഡി ചുമതലയുണ്ടായിരുന്നത് സീനിയർ സിവിൽ പൊലീസ് ഓഫീസറായ നസീന ബീഗത്തിനായിരുന്നു. ഇവർക്കൊപ്പം ഷാജിറ ബീഗം,​ അഞ്ജു,​ രമ്യ എന്നിവരും ഉണ്ടായിരുന്നു. വനിത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയത് നല്ലൊരു തീരുമാനമാണെന്നും ഇതിന് പുരുഷ ഉദ്യോഗസ്ഥരിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചതെന്നും ബീന പറഞ്ഞു. മ്യൂസിയം സ്‌റ്റേഷനിൽ എസ്.ഐ സംഗീതയുടെ നേതൃത്വത്തിലായിരുന്നു സ്‌റ്റേഷൻ ഭരണം. സി.പി.ഒമാരായ ഷീജ ദാസ് ജി.ഡി ചാർജും രമ്യ. എസ് സ്‌റ്റേഷൻ പാറാവ് ഡ്യൂട്ടിയും നോക്കി. പരാതികളിലെ പ്രാഥമിക അന്വേഷണവും മറ്റും നടത്തിയത് സുജാതസുമയായിരുന്നു,​ മൊബൈൽ പട്രോളിംഗിനൊപ്പം അശ്വതിയാണ് ഉണ്ടായിരുന്നത്. ഇവർക്ക് പിന്തുണയുമായി ക്രൈം എസ്.ഐ ശ്യാംരാജ് ജെ.നായരും സംഘവും സ്‌റ്റേഷനിലുണ്ടായിരുന്നു. വനിതാദിനത്തിൽ മാത്രമല്ല,​ കൃത്യമായ ഇടവേളകളിൽ ഇത്തരത്തിൽ സ്‌റ്റേഷൻ ചുമതല വനിത ഉദ്യോഗസ്ഥരെ ഏല്പിക്കണമെന്ന് ശ്യാംരാജ് പറഞ്ഞു. തങ്ങൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നെന്ന് എസ്.ഐ സംഗീതയും പറഞ്ഞു. ജില്ലയിൽ 19 പൊലീസ് സ്റ്റേഷനുകളിലാണ് വനിതകൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല വഹിച്ചത്. കന്റോൺമെന്റും മ്യൂസിയവും കൂടാതെ തലസ്ഥാന നഗരത്തിൽ വനിത പൊലീസ് സ്റ്റേഷൻ, തമ്പാനൂർ, മെഡിക്കൽ കോളേജ്, പേരൂർക്കട, വട്ടിയൂർക്കാവ്, ഫോർട്ട്, പൂജപ്പുര, നേമം, കരമന, തിരുവല്ലം, കഴക്കൂട്ടം, വലിയതുറ സ്റ്റേഷനുകളിലാണ് വനിത ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുത്തു. ഒന്നിലധികം വനിത സബ് ഇൻസ്‌പെക്ടർമാരുള്ള സ്റ്റേഷനുകളിൽ നിന്ന് അവരുടെ സേവനം സമീപത്തെ മറ്റ് സ്റ്റേഷനുകളിൽ ലഭ്യമാക്കിയിരുന്നു. വനിത ഓഫീസർമാർ ലഭ്യമല്ലാതിരുന്ന സ്ഥലങ്ങളിൽ വനിത സീനിയർ സി.പി.ഒമാരെയും സി.പി.ഒമാരെയുമാണ് ചുമതല ഏല്പിച്ചത്.