തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട്ടിൽ ഏതു നിമിഷവും ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെയും .മുന്നണികളുടെയും കണ്ണുകൾ ഇനി ചവറയിലേക്കും .എൻ.വിജയൻ പിള്ളയുടെ നിര്യാണത്തോടെ ചവറയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുകയാണ്. നിയമസഭയ്ക്ക് ഇനി ഒരു വർഷത്തിന് മേൽ കാലാവധി ശേഷിക്കുന്നതിനാലാണിത്.
അധികാരമേറ്റ ശേഷം തുടർച്ചയായ പത്താമത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സമ്മർദ്ദത്തെയാണ് പിണറായി സർക്കാരിന് നേരിടേണ്ടി വരുന്നത്.കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇനി ചവറയിലേക്കും ചേർത്തൊരുമിച്ച് പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുമുണ്ട്. കുട്ടനാട്ടിൽ ഏപ്രിലിൽ ഉപതിരഞ്ഞെടുപ്പുണ്ടാവുമെന്ന പ്രതീക്ഷയിൽ മുന്നണികൾ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നു കഴിഞ്ഞു.
ഈ സർക്കാർ വന്നശേഷം ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കായിരുന്നു. 2017ൽ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്നായിരുന്നു അത്. അന്ന് വേങ്ങര എം.എൽ.എയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവച്ച് പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ചതോടെ വേങ്ങരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിലെ കെ.എൻ.എ. ഖാദർ വിജയിച്ച് സിറ്റിംഗ് സീറ്റ് യു.ഡി.എഫ് നിലനിറുത്തി. ചെങ്ങന്നൂർ അംഗമായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് 2018 ജൂണിലായിരുന്നു അടുത്ത ഉപതിരഞ്ഞെടുപ്പ് .സജി ചെറിയാന്റെ വൻഭൂരിപക്ഷത്തോടെയുള്ള വിജയത്തോടെ സീറ്റ് നിലനിറുത്താനായത് ഇടതുമുന്നണിക്ക് നേട്ടമായി.
മഞ്ചേശ്വരത്തെ ലീഗ് അംഗമായിരുന്ന പി.ബി. അബ്ദുൾറസാഖിന്റെ നിര്യാണം പിന്നാലെ. തിരഞ്ഞെടുപ്പ് കേസ് കാരണം ഒരു വർഷത്തിലേറെ പിന്നിട്ട ശേഷം 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പും കഴിഞ്ഞായിരുന്നു ഉപതിരഞ്ഞെടുപ്പ് . അതിന് മുമ്പ് കെ.എം. മാണി അന്തരിച്ചതിനെ തുടർന്ന് പാലായിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. എം.എൽ.എ സ്ഥാനമൊഴിഞ്ഞ് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവരുടെ ഒഴിവുകളിലേക്ക് യഥാക്രമം വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. മഞ്ചേശ്വരത്തും ഇതിനൊപ്പമാണ് നടന്നത്. പാലാ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത എൽ.ഡി.എഫ്, പിന്നാലെ വട്ടിയൂർക്കാവിലും കോന്നിയിലും ജയിച്ച് യു.ഡി.എഫിനെ ഞെട്ടിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിന്റെ ക്ഷീണം മറികടക്കാൻ ഇതോടെ സാധിച്ചു. തുടർച്ചയായി നാലാം വർഷമാണിപ്പോൾ ഇടതുസർക്കാരിന് ഉപതിരഞ്ഞെടുപ്പ് പരീക്ഷണം നേരിടേണ്ടി വരുന്നത്. അടുത്ത വർഷം മേയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ, ഇടതു,വലത് മുന്നണികൾക്ക് ഇത് ഒരുപോലെ വെല്ലുവിളി നിറഞ്ഞതാണ്.
എൻ.സി.പിയുടെ സിറ്റിംഗ് സീറ്റായിരുന്ന കുട്ടനാട് അവർക്ക് വിട്ടുകൊടുത്ത ഇടതുമുന്നണിക്ക് വേണ്ടി ചവറയിൽ സി.പി.എം തന്നെയാവും മത്സരിക്കുക. സി.എം.പി -അരവിന്ദാക്ഷൻ വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി ജയിച്ചതാണെങ്കിലും പിന്നീട് അവർ സി.പി.എമ്മിൽ ലയിച്ചതോടെ വിജയൻ പിള്ള സി.പി.എമ്മിന്റെ ഭാഗമായി. പരമ്പരാഗതമായി ആർ.എസ്.പി കൈവശം വച്ചുപോന്ന സീറ്റിൽ ഷിബു ബേബിജോണിനെ അട്ടിമറിച്ചായിരുന്നു വിജയൻപിള്ളയുടെ വിജയം. യു.ഡി.എഫിൽ സീറ്റ് ആർ.എസ്.പിക്ക് തന്നെയാവും. ഷിബു ബോബിജോൺ വീണ്ടും മത്സരരംഗത്തിറങ്ങാനാണ് സാദ്ധ്യത.