തിരുവനന്തപുരം: സിനിമാമേഖലയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ വനിതാ സംവിധായകരുടെ സിനിമ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി 'ഡൈവോഴ്സ്' എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീയുടെ വീക്ഷണകോണിൽനിന്നുള്ള സിനിമ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്കു തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പഴയ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തി ഇന്നത്തെ മുഖ്യധാരാ സിനിമകളിൽ കാണാറില്ല. ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സിനിമയിലും സാംസ്‌കാരിക രംഗത്തും കാണുന്ന കുറവുകൾ പരിഹരിക്കപ്പെടണം. സിനിമാമേഖലയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സമഗ്ര നിയമ നിർമാണം ആവശ്യമാണ്. സിനിമാ മേഖലയ്ക്കായി പെരുമാറ്റച്ചട്ടവും റഗുലേറ്ററി അതോറിട്ടിയും രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മ്യൂസിയം ബാൻഡ് ഹാളിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകർക്കുള്ള അഡ്വാൻസും വിതരണം ചെയ്തു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ. സീമ, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, പ്ലാനിംഗ് ബോർഡ് അംഗങ്ങളായ കെ.എൻ. ഹരിലാൽ, മൃദുൽ ഈപ്പൻ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുമപ, കെ.എസ്.എഫ്.ഡി.സി ബോർഡംഗം ഭാഗ്യലക്ഷ്മി, എം.ഡി എൻ. മായ തുടങ്ങിയവർ പങ്കെടുത്തു.