ksrtc
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ; മിന്നൽ പണിമുടക്കിനെ തുടർന്ന് ഇന്ന് രാവിലെ കോട്ടയം ബസ് സ്റ്റാൻഡിന് മുൻപിൽ ബസ് കാത്ത് നിൽക്കുന്നവർ ഫോട്ടോ: ശ്രീകുമാർ ആലപ്ര

തിരുവനന്തപുരം: ബുധനാഴ്ച തലസ്ഥാനത്തെ ഗതാഗതം നിശ്ചലമാക്കുന്ന വിധത്തിൽ നടത്തിയ മിന്നൽ പണിമുടക്ക് കാരണം കെ.എസ്.ആർ.ടി.സിക്കുണ്ടായ 20 ലക്ഷം രൂപയുടെ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന നിർദേശമടങ്ങിയ റിപ്പോർട്ട് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇന്ന് വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് സമർപ്പിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ കളക്ടർ, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവരുടെ റിപ്പോർട്ടുകൾ ക്രോഡീകരിച്ചുള്ളതാണ് സെക്രട്ടറിയുടെ റിപ്പോർട്ട്.

സമരം നടന്ന ദിവസത്തെയും തലേനാളത്തെയും കളക്ഷന്റെ അടിസ്ഥാനത്തിൽ 42 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. ഇതിനു മുമ്പ് ,റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏൽപ്പിക്കുന്നതിനെതിരെ ജീവനക്കാർ ബസുകൾ നിരത്തിലിട്ട് മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. അന്ന് സമരക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കോടതി നിർദേശിച്ചെങ്കിലും, സർക്കാർ അതിന് തയ്യാറായില്ല.

80 പേരുടെ ലൈസൻസ്

റദ്ദാക്കാൻ നീക്കം

ബസുകൾ റോഡിൽ നിരത്തിയിട്ട് ഗതാഗതം തടഞ്ഞ 18 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. രണ്ടാം ഘട്ടമായി 62 ഡ്രൈവർമാരുടെ പേരുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വകുപ്പുതല നടപടിയുടെ ഭാഗമായി ,70 ഡ്രൈവർമാർക്കും 70 കണ്ടക്ടർമാർക്കും

കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നടപടി തുടങ്ങി.

അതേസമയം ,ശിക്ഷാ നടപടികളെ നിയമപരമായും സംഘടനാപരമായും നേരിടാനുള്ള നീക്കത്തിലാണ് തൊഴിലാളി സംഘടനകൾ. സംഘടനാഭേദമന്യേ കൂട്ടായ്മ ഇതിനായി രൂപീകരിച്ചു. സസ്‌പെൻഷനിലാവുന്നവർക്ക് പിരിവെടുത്ത് കേസ് നടത്തിപ്പിനും മറ്റും ധനസഹായം നൽകാനും നീക്കമുണ്ട്.ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്‌സ് യൂണിയൻ, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിതപരിശോധന അടുത്തു വരുന്നതിനാൽ ജീവനക്കാരെ സംരക്ഷിച്ച് കൂടെ നിറുത്താനുള്ള നീക്കത്തിലാണ് സംഘടനകൾ.
സംഭവം കൈകാര്യം ചെയ്തതിൽ സർക്കാരിനും, മാനേജ്‌മെന്റിനും വീഴ്ചയുണ്ടായെന്ന പൊതുവികാരമാണ് ജീവനക്കാർക്കുള്ളത്. സമാന്തര സർവീസുകൾ തടയണമെന്ന് ഡിപ്പോ മേധാവിമാർക്ക് മാനേജ്‌മെന്റ് നിർദേശം നൽകാറുണ്ട്. സ്വകാര്യബസ് തടഞ്ഞവർ അറസ്റ്റിലായപ്പോൾ തന്നെ മാനേജ്‌മെന്റും സർക്കാരും ഇടപെട്ടിരുന്നെങ്കിൽ മിന്നൽ പണിമുടക്ക് ഒഴിവാക്കാമായിരുന്നുവെന്ന് ജീവനക്കാർ കരുതുന്നു.