press-freedom

തിരുവനന്തപുരം: മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരേ ശൈലിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സി.എ.ജി റിപ്പോർട്ടിലെ അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച പൊലീസ് സ്‌റ്റേഷൻ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന് മുന്നിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി കലാപത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവിട്ട മലയാള ദൃശ്യമാധ്യമങ്ങളെ മോദി വിലക്കിയതും ,പൊലീസ് ഉന്നതതലത്തിലെ അഴിമതി പുറത്തെത്തിച്ച മാദ്ധ്യമപ്രവർത്തകരെ തളയ്ക്കാൻ പിണറായി അന്വേഷണം പ്രഖ്യാപിച്ചതും സമാനതകളുള്ളതാണ്. മാദ്ധ്യമവിലക്ക് ഏർപ്പെടുത്തിയ ഫാസിസ്റ്റ് നടപടിയെ ആദ്യമണിക്കൂറുകളിൽ വിമർശിക്കാൻ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി, ഇക്കാര്യം ചർച്ചയായപ്പോഴാണ് വഴിപാട് പോലെ പ്രതികരിച്ചത്. പൗരത്വ നിയമഭേദഗതി വിഷയത്തിലും ഇതുപോലെയായിരുന്നു. പിണറായി സ്റ്റാലിനിസ്റ്റ് ആശയങ്ങളും മോദി ഫാസിസ്റ്റ് ആശയങ്ങളുമാണ് നടപ്പാക്കുന്നത്. ഇരുമ്പുമറക്കുളളിലെ ഭരണമാണ് ഇരുവരുടേതും. ആരോപണ വിധേയനായ ഡി.ജി.പിയെ വെള്ളപൂശി സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായി. സി.ബി.ഐ അന്വേഷണത്തിലൂടെയേ യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനാവൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.സംസ്ഥാനത്തെ 499 പൊലീസ് സ്‌റ്റേഷനുകളിലേക്കും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആലപ്പുഴ നോർത്തിലും, ഉമ്മൻചാണ്ടി കൊല്ലം വെസ്റ്റിലും മാർച്ച് ഉദ്ഘാടനം ചെയ്തു. .

മന്ത്രി ജലീൽ

രാജി വയ്ക്കണം

സാങ്കേതിക സർവകലാശാലയിലെ അദാലത്തും തീരുമാനങ്ങളും നിയമവിരുദ്ധമാണെന്ന ഗവർണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ,.ഉന്നതവിദ്യാഭ്യാസ രംഗത്തിന് അപമാനമായ മന്ത്രി ജലീലിന് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും, അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.