തിരുവനന്തപുരം: ദേവിയെ കാപ്പുകെട്ടി പാട്ടുപന്തലിൽ കുടിയിരുത്തിയ നാൾ തൊട്ട് വ്രതപുണ്യമനുഷ്ഠിച്ച് ശുദ്ധിനേടിയ മനസുമായി കാത്തിരിക്കുന്ന സ്ത്രീജനങ്ങൾ അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാലയർപ്പിക്കും. ലക്ഷക്കണത്തിന് അടുപ്പുകളിൽ ഒരേ നേരം തീ പകരുമ്പോൾ അനന്തപുരിയുടെ പകൽ യാഗഭൂമിയാകും. വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളിൽ ദ്രവ്യങ്ങൾ തിളച്ചുതൂകി അമ്മയ്ക്ക് നിവേദ്യമാകുമ്പോൾ ഇത് പുണ്യത്തിന്റെ പൊങ്കാലപ്പകൽ.

ആറ്റുകാലമ്മയുടെ തിരുനടയിൽ പാട്ടുപുരയ്ക്കു മുന്നിൽ തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നി പകരുന്ന സമയം 10.20. അപ്പോഴാണ് ചെണ്ടമേളവും വായ്ക്കുരവയും മുഴങ്ങുക. ഒപ്പം കതിനാവെടിയൊച്ചയും. തുടർന്ന് ക്ഷേത്ര പരിസരങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് പണ്ടാര അടുപ്പിലെ തീ പകരും. പണ്ടാര അടുപ്പിൽ നിന്നു പകർന്നെടുക്കുന്ന തീ ആദ്യം നിരവധി പന്തങ്ങളിലേക്കും തുടർന്ന് പന്തവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളിൽ വോളണ്ടിയർമാർ വിവിധ ദിക്കുകളിൽ പൊങ്കാലയിടുന്നവരുടെ അടുക്കലെത്തും.

പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി നടത്തുന്ന ഭൂമി പൂജ കൂടിയാണ് പൊങ്കാല. ഭൂമീദേവിയുടെ പ്രതീകമായ മൺകലത്തിൽ വായു, ആകാശം, ജലം, അഗ്നി എന്നിവ കൂടിച്ചേരുമ്പോഴാണു നിവേദ്യം പൂർത്തിയാകുന്നത്. അതുകൊണ്ടു വ്രതശുദ്ധമായ മനസും ശരീരവുമായി ഭക്തർ അർപ്പിക്കുന്ന പൊങ്കാലയ്ക്കു പ്രാധാന്യമേറുന്നത്. കാത്തിരിപ്പിന്റെയും ആത്മ സമർപ്പണത്തിന്റെയും നിവേദ്യമാണ് ആറ്റുകാൽദേവിക്കു ഭക്തർ സമർപ്പിക്കുന്ന പൊങ്കാല. ദേവിക്കു മുന്നിൽ സമർപ്പിക്കപ്പെടുന്ന നിവേദ്യത്തിൽ പ്രധാനമായും 12 തരം വിഭവങ്ങളാണുള്ളത്. വെള്ളച്ചോറ്, ശർക്കര പായസം, മണ്ടപ്പുറ്റ്, തെരളി, മോദകം, വത്സൻ, പന്തീരുനാഴി, പയർ നിവേദ്യം, നെയ്പായസം, ഇടിച്ചുപിഴിഞ്ഞ പായസം, അരവണ എന്നിവയാണവ. വിവിധനേർച്ചകളുടെ ഭാഗമായി 101, 51 കലങ്ങളിലും ഭക്തർ പൊങ്കാലയിടും.