indian-womens-team-final-
indian womens team final lost

മെൽബൺ : കിരീടം നേടിയില്ലായിരിക്കാം പക്ഷേ ഹർമൻ പ്രീതും കൂട്ടരും റാണിമാർ തന്നെയാണ്. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ വനിതാ ടീമിന് പരിചയക്കുറവുണ്ടായിരുന്നു. വലിയൊരു മത്സരത്തിന്റെ സമ്മർദ്ദവുമുണ്ടായിരുന്നു. ആസ്ട്രേലിയയ്ക്ക് സ്വന്തം നാട്ടുകാരുടെ സ്വന്തം ഗ്രൗണ്ടിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും. ഇതോടെ 2003 ൽ സാക്ഷാൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ പുരുഷ ലോകകപ്പിനിറങ്ങിയ ഇന്ത്യൻ ടീമിന്റെ ഫൈനൽ തോൽവിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഇന്ത്യൻ വനിതകൾ ആതിഥേയർക്ക് മുന്നിൽ കീഴടങ്ങി.

തങ്ങളുടെ ആറാം ഫൈനലിനിറങ്ങിയ ആസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഒാവറിൽ അവർ 184/4 എന്ന സ്കോർ ഉയർത്തിയപ്പോൾതന്നെ ഇന്ത്യയുടെ തോൽവി ഉറപ്പായിരുന്നു. പക്ഷേ ബാറ്റിംഗിൽ പൊരുതിനിൽക്കാൻ പോലുമാകാതെയാണ് ഇന്ത്യ തകർന്നടിഞ്ഞത്. 19.1 ഒാവറിൽ 99 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു ഇന്ത്യ.

39 പന്തുകളിൽ ഏഴ് ഫോറുകളും അഞ്ച് സിക്സുകളുമടക്കം 75 റൺസടിച്ച അലീസാ ഹീലിയും 54 പന്തുകളിൽ 10 ഫോറടക്കം 78 റൺസുമായി പുറത്താകാതെ 78 റൺസ് നേടിയ ബേത്ത് മുണിയും ചേർന്ന് തുടക്കം മുതൽ ഇന്ത്യയെ പ്രഹരിച്ചു. 11.4 ഒാവറിൽ 115 റൺസ് കൂട്ടിച്ചേർത്ത ഇൗ സഖ്യത്തെ രാധായാദവ് പിരിച്ചെങ്കിലും മൂണി ഒരറ്റത്ത് നിലയുറപ്പിച്ചത് വലിയ സ്കോറിലെത്താൻ ഒാസീസിനെ സഹായിച്ചു. മെഗ്‌ലാന്നിംഗ് (16), ഗാർഡ്‌നർ (2), ഹേയ്‌നസ് (4) എന്നിവരെകൂടി പുറത്താക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും അതിനിടയിൽ ആസ്ട്രേലിയ അപ്രാപ്യമായ സ്കോറിലേക്ക് എത്തിയിരുന്നു.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് പ്രതീക്ഷയായിരുന്ന ഷെഫാലി ബർമ്മയെ (2) മൂന്നാം പന്തിൽതന്നെ നഷ്ടമായി. പകരമിറങ്ങിയ താനിയ ഭാട്യ (2) വേറിട്ട നാലാമത്തെ പന്തിൽ ഹെൽമറ്റിൽ പന്തുകൊണ്ട് പരിക്കേറ്റ് മടങ്ങി. രണ്ടാം ഒാവറിന്റെ അവസാന പന്തിൽ ജെമീമ റോഡ്രിഗസിനെയും (0), നാലാം ഒാവറിന്റെ ആദ്യപന്തിൽ സ്മൃതി മന്ദാനയെയും (11) നഷ്ടമായതോടെ ഇന്ത്യ 18/3 എന്ന നിലയിലായി. ആറാം ഒാവറിലാണ് ക്യാപ്ടൻ ഹർമൻ പ്രീത് (4) തിരിച്ചുനടന്നത്. തുടർന്ന് ദീപ്തി ശർമ്മയും (33), വേദകൃഷ്ണമൂർത്തിയും (19), റിച്ചഘോഷും (18) ചേർന്ന് 30/4 എന്ന നിലയിൽനിന്ന് 96/8 എന്ന നിലയിലേക്ക് എത്തിച്ചു. പക്ഷേ 100 തികയ്ക്കാൻ പോലും അനുവദിക്കാതെ ആസ്ട്രേലിയൻ ബൗളിംഗ് നിര ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടു.

ലീഗ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഞങ്ങൾ കാഴ്ചവച്ചത്. എന്നാൽ ഫൈനലിൽ അതിന് കഴിഞ്ഞില്ല. കൈവിട്ടുകളഞ്ഞ ക്യാച്ചുകളാണ് തിരിച്ചടിയായത്. പക്ഷേ ഇൗ ടീമിൽ എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ സെമിയിലെത്തി. ഇത്തവണ ഫൈനലിലും . ഞങ്ങൾ ഇനിയും മെച്ചപ്പെടുമെന്ന് ഉറപ്പുണ്ട്.

ഹർമൻ പ്രീത് കൗർ

ഇന്ത്യൻ ക്യാപ്ടൻ

ആദ്യമത്സരത്തിൽ ഇന്ത്യയോട് തോറ്റപ്പോൾ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നു. എല്ലിഡ് പെറിയടക്കം പ്രമുഖർക്ക് പരിക്കേറ്റതും ടെൻഷൻ കൂട്ടി. എന്നാൽ ഫൈനലിൽ ഇത്രയും വലിയൊരു വിജയം നേടാൻ കഴിഞ്ഞതിൽ അതിയായ ആഹ്‌ളാദമുണ്ട്.

മെഗ്‌ലാന്നിംഗ്

ആസ്ട്രേലിയൻ ക്യാപ്ടൻ

കൈവിട്ട കളി

ഇന്നലെ ആസ്ട്രേലിയയ്ക്ക് വെടിക്കെട്ട് തുടക്കം നൽകിയ മൂണിയുടെയും ഹീലിയുടെയും ക്യാച്ചുകൾ കൈവിട്ടത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

മത്സരത്തിന്റെ അഞ്ചാം പന്തിൽതന്നെ ഹീലി ദീപ്തി ശർമ്മയുടെ പന്തിൽനൽകിയ ക്യാച്ച് ഷെഫാലി കൈവിട്ടുകളഞ്ഞു.

നാലാം ഒാവറിൽ സ്വന്തം ബൗളിംഗിൽ മൂണിയെ പിടികൂടാനുള്ള അവസരം രാജേശ്വരി ഗേയ്ക്ക് വാദും പാഴാക്കി.

കണ്ണീരിൽ കലാശിച്ച ഫൈനൽ

സ്വപ്നങ്ങളും പ്രതീക്ഷകളുമായിറങ്ങിയ ഫൈനൽ തോൽവിയിൽ അവസാനിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾ മിക്കവരും കണ്ണീരൊഴുക്കുകയായിരുന്നു. ടൂർണമെന്റിൽ 163 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായ ഷെഫാലി ബർമ്മയ്ക്കായിരുന്നു സങ്കടം കൂടുതൽ. ഗ്രൗണ്ടിൽ കണ്ണീരൊഴുക്ക് നിന്ന ഷെഫാലിയെ സഹതാരങ്ങൾ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.ഫൈനലിൽ ബാറ്റിംഗിൽ പരാജയപ്പെട്ട ഷെഫാലി ക്യാച്ച് കൈവിടുകയും ചെയ്തിരുന്നു.

റണ്ണേഴ്സ് അപ്പിനുള്ള പുരസ്കാരം കഴിഞ്ഞശേഷം ഡ്രെസിംഗ് റൂമിലേക്ക് മടങ്ങാനൊരുങ്ങിയ ഇന്ത്യൻ താരങ്ങളെ കോച്ച് ഡബ്‌ള്യു. വി . രാമൻ തിരിച്ചുവിളിച്ചു. ആസ്ട്രേലിയൻ ടീം കിരീടമേറ്റുവാങ്ങുമ്പോൾ കൈയടിക്കാൻ നിർദ്ദേശിച്ചത് സ്പോർട്സ് മാൻ സ്പിരിറ്റിന് ഉദാഹരണമായി.

പ്ളേയർ ഒഫ് ദ ഫൈനൽ, അലീസ ഹീലി പ്ളേയർ ഒഫ് ദ ടൂർണമെന്റ്: ബേത്ത്മൂണി

16

ട്വന്റി 20 വനിതാ ലോകകപ്പിന്റെ ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി ഷെഫാലി വർമ്മ മാറി.

5

ആസ്ട്രേലിയ ഇതുവരെ നേടിയ വനിതാ ട്വന്റി 20 ലോകകപ്പുകളുടെ എണ്ണം 2010, 2012, 2014, 2018 എന്നീ വർഷങ്ങളിലാണ് മുമ്പ് ആസ്ട്രേലിയ ചാമ്പ്യൻസായിരുന്നത്.

7

വനിതാ ലോകകപ്പുകൾ നടന്നതിൽ അഞ്ചെണ്ണത്തിലും കംഗാരുപ്പടയാണ് കിരീടമുയർത്തിയിരിക്കുന്നത്.

ഫൈനൽ സ്കോർ കാർഡ്

ഒാസീസ് 184/4

അലീസഹീലി 75, ബേത്ത് മൂണി 78 നോൗട്ട്

ദീപ്തി ശർമ്മ 2/38, പൂനംയാദവ് 1/30, രാധായാദവ് 1/34

ഇന്ത്യ 99 ആൾ ഒൗട്ട്

ദീപ്തി ശർമ്മ (33), വേദ (19), റിച്ച (18) മേഗൻഷൂട്ട് 4/18, ജൊനാസൺ 3/20.

2003 ന്റെ തനിയാവർത്തനം

2003 പുരുഷ ഏകദിന ലോകകപ്പ് ഫൈനലിൽ സൗരവ് ഗാംഗുലി നയിച്ചിറങ്ങിയ ഇന്ത്യയ്ക്ക് ഏറ്റ തോൽവിക്ക് സമാനമായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ തോൽവി.

അന്ന് ആസ്ട്രേലിയ 359/2 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 234ന് ആൾ ഒൗട്ടാവുകയായിരുന്നു.

റിക്കി പോണ്ടിംഗും (148), ഗിൽകിസ്റ്റും (57), ഗെയ്ഡനും (57), ഡാമിയൻ മാർട്ടിനും (88), തകർത്താടിയതുപോലെയാണ് ഇന്നലെ ഹീലിയും മൂണിയും കസറിയത്.