സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള ആദ്യ ടീം സെലക്ഷൻ
അഹമ്മദാബാദ് : ഇൗമാസം 12ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കുള്ള 15അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പുതിയ ചീഫ് സെലക്ടർ സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള ആദ്യകമ്മിറ്റിയോഗമാണ് ടീമിനെ പ്രഖ്യാപിച്ചത്.
പരിക്കിൽനിന്ന് മോചിതരായ ഹാർദിക് പാണ്ഡ്യെ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നിവരെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. നടുവിന് ശസ്ത്രക്രിയയ്ക്കുശേഷം അഞ്ചുമാസത്തോളം വിശ്രമത്തിലായിരുന്ന ഹാർദിക് കഴിഞ്ഞ ദിവസങ്ങളിൽ മുംബയിൽ നടന്ന റിലയൻസ് കപ്പ് ആഭ്യന്തര ടൂർണമെന്റിൽ ഗംഭീരപ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ടത്. നേരത്തെ കിവീസ് പര്യടനത്തിന് ഹാർദിക്കിനെ പരിഗണിച്ചെങ്കിലും പൂർണമായി ഫിറ്റ്നസ് കൈവരിക്കാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. ആസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പരിക്കേറ്റ ധവാൻ ന്യൂസിലാൻഡ് പര്യടനത്തിൽ കളിച്ചിരുന്നില്ല. സ്പോർട്സ് ഗെർണിയയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന ഭുവനേശ്വർ ബംഗളുരു ദേശീയ ക്രിക്കറ്റ് അക്കാഡമിയിലൂടെ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമാണ് ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്.
അതേസമയം പരിക്കിൽനിന്ന് പൂർണമായും മോചിതനായിട്ടില്ലാത്ത ഉപനായകൻ രോഹിത് ശർമ്മയെ ടീമിലെടുത്തിട്ടില്ല. കിവീസ് പര്യടനത്തിനിടെയാണ് രോഹിതിന് പരിക്കേറ്റത്. രോഹിത് ഐ.പി.എല്ലിലൂടെ തിരിച്ചെത്തും. വെറ്ററൻ ആൾ റൗണ്ടർ കേദാർ യാദവ്, പേസർ ശാർദ്ദൂൽ താക്കൂർ, ആൾ റൗണ്ടർ ശിവം ദുബെ എന്നിവരെ ടീമിൽ നിന്ന്ഒഴിവാക്കിയിട്ടുണ്ട്.
യുവതാരങ്ങളായ ശുഭ്‌മൻ ഗിൽ, പൃഥ്വി ഷാ എന്നിവർ ടീമിലെ സ്ഥാനം നിലനിറുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് നിലനിറുത്തിയത്. മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല.
ഇന്ത്യൻ ടീം
വിരാട് കൊഹ്‌ലി (ക്യാപ്ടൻ), ശിഖർ ധവാൻ, പൃഥ്വിഷാ, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ്പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹൽ, ജസ്‌പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ.
പരമ്പര ഫിക്ചർ
ആദ്യ ഏകദിനം
മാർച്ച് 12 -ധർമ്മശാല
രണ്ടാം ഏകദിനം
മാർച്ച് 15- ലക്നൗ
മൂന്നാം ഏകദിനം
മാർച്ച് 18- കൊൽക്കത്ത