ദുബായ് : ഫെഡറേഷൻ കപ്പ് വനിതാ ടെന്നിസിൽ ആദ്യമായി പ്ളേ ഒഫ് റൗണ്ടിലെത്തി ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ടീം. ഇന്തോനേഷ്യയെ 2-1ന് പരാജയപ്പെടുത്തിയാണ് സാനിയ മിർസ, അങ്കിത റെയ്ന, ഋതുജ ഫോസാലെ തുടങ്ങിയവർ അണിനിരന്ന ഇന്ത്യൻ സംഘം ചരിത്രമെഴുതിയത്.
ദുബായിൽ നടന്ന ഫെഡറേഷൻ കപ്പിലെ ഇന്തോനേഷ്യയ്ക്കെതിരായ ആദ്യ സിംഗിൾസ് മത്സരത്തിൽ ഇന്ത്യയുടെ ഋതുജ ദോസാലെ പ്രസ്ക നുഗ്രുഹോയ്തിരെ തോറ്റിരുന്നു. തുടർന്ന് നടന്ന മത്സരത്തിൽ ആൽഭില സുതിയാദിയെ 6-3, 6-3ന് കീഴടക്കിയാണ് അങ്കിത ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകിയത്.
തുടർന്ന് അങ്കിതയും സാനിയ മിർസയും ചേർന്ന് ഡബിൾസിൽ സുതിയാദി-സുഗ്രുഹോ സഖ്യത്തെ 7-6, 6-0 ത്തിന് കീഴടക്കി ഇന്ത്യയ്ക്ക് പ്ളേ ഒഫ് ബർത്ത് നൽകി.
അടുത്ത മാസം നടക്കുന്ന പ്ളേ ഒഫിൽ ലാത്പിയയോ ഹോകുണ്ടോ ആകും ഇന്ത്യയുടെ എതിരാളി. പ്ളേ ഒാഫിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് ഫെഡറേഷൻ കപ്പിന്റെ ഫൈനൽ റൗണ്ടിൽ കളിക്കാം.
പുരുഷന്മാരുടെ ഡേവിസ് കപ്പ് ടെന്നിസിലെ ക്വാളിഫിക്കേഷൻ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ടീം 1-3ന് ക്രൊയേഷ്യയോട് തോറ്റു.