വർക്കല: കൊലപാതകശ്രമം, കവർച്ച, മോഷണം, ബോംബേറ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപെട്ട ക്വട്ടേഷൻ സംഘത്തെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി വലിയവിള എസ്.എസ്. നിവാസിൽ സതീഷ്ധാവൻ (40), ചെമ്മരുതി മുട്ടപ്പലം ആകാശ് ഭവനിൽ ആരോമൽ (20ഹെൽമറ്ര് മനു), കഴക്കൂട്ടം മേനംകുളം സ്റ്റേഷൻകടവ് പനച്ചമൂടിൽ അഖിൽ (19) എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 26ന് കോവൂർ ഇടശ്ശേരിമഠത്തിൽ കർമ്മചന്ദ്രൻ നമ്പൂതിരിയുടെ വീട്ടിൽ കയറി മദ്യപിക്കാൻ പൈപ്പിൽ നിന്നും വെളളമെടുത്തത് ചോദ്യം ചെയ്തതിന് കർമ്മചന്ദ്രൻ നമ്പൂതിരിയെ വെട്ടിപ്പരിക്കേല്പിക്കുകയും മകനെ ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കുന്നത്തുമല കോളനിയിൽ ബോംബേറ് നടത്തുകയും കവർച്ചാശ്രമം നടത്തുകയും ചെയ്തശേഷം തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതികൾ. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം ഉൾപെടെ 40ഓളം ക്രിമിനൽ കേസുകളിൽ ഉൾപെട്ടയാളാണ് ഒന്നാംപ്രതി സിമ്പിൾ എന്നു വിളിക്കുന്ന സതീഷ്ധാവനെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതി ആരോമൽ ക്വട്ടേഷൻ സംഘത്തിലെ അംഗവും നിരവധി കേസുകളിലെ പ്രതിയുമാണ്. മൂന്നാം പ്രതിയായ അഖിൽ ബോംബുനിർമ്മാണത്തിൽ വിദഗ്ദ്ധനാണ്. ബോംബ് നിർമ്മിക്കാനുള്ള വെടിമരുന്ന് ഉൾപെടെയുളള സാധനങ്ങൾ കൈവശമുണ്ടായിരിക്കും. തിരുവനന്തപുരത്ത് ഒരു പ്രധാന ക്വട്ടേഷൻ ഏറ്രെടുക്കാനായി സംഘം എത്തിയിട്ടുളളതായി വിവരം ലഭിച്ചതിനെ തുടർന്ന് അയിരൂർ പൊലീസ് വെടിവച്ചാൻകോവിൽ ഭാഗത്തെത്തുകയും നരുവാംമൂട് പൊലീസിന്റെ സഹായത്തോടെ ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഖിലിനെ തുമ്പ പളളിക്കു സമീപം കടൽതീരത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. അയിരൂർ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ രാജ്കുമാർ. ജി, എസ്.ഐ സജീവ്. ഡി, പൊലീസുകാരായ ശ്രീകുമാർ, സജീവ്, ജയ് മുരുകൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.