തിരുവനന്തപുരം: നിയന്ത്രണംവിട്ട കാറിടിച്ച് കേബിൾ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റുചെയ്‌തു. കാറിന്റെ ഡ്രൈവർ അമ്പലംമുക്ക് നിവാസി അജയഘോഷിനെയാണ് (58) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.45ന് അമ്പലമുക്ക് കുരിശടി ജംഗ്ഷനിൽ ബി.എസ്.എൻ.എൽ കരാർ തൊഴിലാളി ജോൺ ഫ്രെഡോയാണ് കാർ ഇടിച്ചുമരിച്ചത്. റോഡിൽ കേബിൾ ഇടുന്നതിനായി ഒരുവശത്ത് ബാരിക്കേഡ് സ്ഥാപിച്ച ശേഷം ജോലികൾ ചെയ്യുന്നതിനിടെ പേരൂർക്കടയിൽ നിന്ന് അമ്പലമുക്കിലേക്ക് അമിതവേഗത്തിലെത്തിയ കാർ ബാരിക്കേഡിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.കാറിനും ബാരിക്കേഡിനും ഇടയിൽ അകപ്പെട്ടാണ് ജോൺ മരിച്ചത്.അപകടമുണ്ടാക്കിയ ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.