തിരുവനന്തപുരം:ഷാഫി പറമ്പിൽ എം.എൽ.എ യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി. കെ.എസ്. ശബരിനാഥൻ എം.എൽ.എ അടക്കം ഏഴ് പുതിയ വൈസ് പ്രസിഡന്റുമാരുണ്ട്. ഇവരിൽ വിദ്യാ ബാലകൃഷ്ണൻ അഖിലേന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായേക്കും. അങ്ങനെയെങ്കിൽ വൈസ് പ്രസിഡന്റുമാർ ആറുപേരാകും.
ഇവരുൾപ്പെടെ പുതിയ സംസ്ഥാന ഭാരവാഹികളെ അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചു.
25 ജനറൽസെക്രട്ടറിമാരും 38 സെക്രട്ടറിമാരുമാണ് പുതിയ സംസ്ഥാനകമ്മിറ്റിയിൽ. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റായ ഷാഫി പറമ്പിൽ പാലക്കാട് നിന്നുള്ള സിറ്റിംഗ് എം.എൽ.എയാണ്. തുടർച്ചയായ രണ്ടാംതവണയാണ് എം.എൽ.എയാകുന്നത്.
ശബരിനാഥന് പുറമേ, യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായിരുന്ന എൻ.എസ്. നുസൂർ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എസ്.എം. ബാലു, എസ്.ജെ. പ്രേംരാജ്, വിദ്യാ ബാലകൃഷ്ണൻ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ.
സംഘടനാ തിരഞ്ഞെടുപ്പ് ഫലം പൂർത്തിയായപ്പോൾ എ, ഐ ഗ്രൂപ്പുകൾ ഏറെക്കുറെ ഒപ്പത്തിനൊപ്പമാണെങ്കിലും നേരിയ മേൽക്കൈ എ ഗ്രൂപ്പിനാണ്. സംസ്ഥാന ജനറൽസെക്രട്ടറിമാരിൽ എക്ക് 14ഉം ഐക്ക് 11ഉം പേരുണ്ടെന്നാണ് അവകാശവാദം. സെക്രട്ടറിമാരിൽ 19പേർ വീതം. എന്നാൽ, സംസ്ഥാനകമ്മിറ്റിയിലേക്ക് വിജയിച്ച രണ്ട് പേർ ഇരു ഗ്രൂപ്പിലും പെടാത്തവരാണെന്ന വാദവുമുണ്ട്. തൃശൂരിൽ നിന്ന് വൈശാഖ് എസ്. ദർശനും കൊല്ലത്ത് നിന്ന് അനുതാജുമാണ് ഇങ്ങനെ വിജയിച്ചത്. ഇവരെയും ഗ്രൂപ്പുകൾ തങ്ങളുടെ ക്വോട്ടകളിൽ അവകാശപ്പെടുന്നുണ്ട്.
14 ജില്ലകളിലേക്കും എ, ഐ ഗ്രൂപ്പുകൾ സമവായത്തിലെത്തിയിരുന്നു. ഇതനുസരിച്ച് എട്ട് ജില്ലകളിൽ എ ഗ്രൂപ്പിനും ആറ് ജില്ലകളിൽ ഐ ഗ്രൂപ്പിനുമാണ് ജില്ലാ പ്രസിഡന്റുമാർ. ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഐ ഗ്രൂപ്പിൽ നിന്ന് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ സ്ഥാനാർത്ഥികളുണ്ടായെങ്കിലും ഔദ്യോഗികപക്ഷം തന്നെ വിജയിച്ചു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും എ, ഐ ഗ്രൂപ്പുകൾ ധാരണയായിരുന്നു. ജനറൽസെക്രട്ടറിമാരടക്കമുള്ള മറ്റ് ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇതിനുള്ള ഓൺലൈൻ വോട്ടിംഗ് പൂർത്തിയായത്. സാങ്കേതികപ്രശ്നങ്ങൾ കാരണം പലർക്കും വോട്ട് ചെയ്യാനായില്ലെന്ന ആക്ഷേപമുയർന്നിരുന്നു. കൂടുതൽ വോട്ട് നേടിയവർ ജനറൽസെക്രട്ടറിമാരും ബാക്കി വോട്ട് നിലയനുസരിച്ച് താഴോട്ടുള്ള സ്ഥാനങ്ങളിലേക്കും നിശ്ചയിക്കപ്പെടുന്നതാണ് രീതി. സംസ്ഥാന, ജില്ലാ തലങ്ങളിലെ ഭാരവാഹികളെ തിരഞ്ഞെടുക്കാനായിരുന്നു വോട്ടെടുപ്പ്.
പ്രസിഡന്റുൾപ്പെടെ 71 പേരാണ് സംസ്ഥാന ഭാരവാഹികൾ. ഇവരിൽ 37 പേർ എ ഗ്രൂപ്പിലും 34 പേർ ഐ ഗ്രൂപ്പിലുമാണ്. 140 നിയോജകമണ്ഡലം കമ്മിറ്റികളിൽ 80 എണ്ണം എ ഗ്രൂപ്പിനും 60എണ്ണം ഐ ഗ്രൂപ്പിനുമാണ്. എന്നാൽ ഇവർക്കും അവകാശവാദവുമായി ഗ്രൂപ്പുകൾ രംഗത്തുണ്ട്.
ജനറൽസെക്രട്ടറിമാർ: സി. പ്രമോദ്, എം. ധനീഷ്ലാൽ, ദുൽഖിഫിൽ വി.പി., നൗഫൽ ബാബു, ശോഭാ സുബിൻ കെ.എസ്, പ്രവീൺ പി., ഫറൂക്ക്. ഒ, അബിൻ.ആർ.എസ് , നിനോ അലക്സ്, അരുൺ കെ എസ്, ജിന്റോ ജോൺ, പി.കെ. രാഗേഷ്, ഹാരിസ് ചിറക്കാട്ടിൽ, ബിനു ചുള്ളിയിൽ, ദിനേഷ് ബാബു. എസ്, ഫൈസൽ. എൻ, അഭിലാഷ് യു.കെ, ആബിദലി കെ.എ, ജോമോൻ ജോസ്, വൈശാഖ് പി.എൻ, അഭിലാഷ് പി.പി, റോബിൻ കെ. ജോസ്, സിജോ ജോസഫ്, ശരണ്യ. ഡി, വൈശാഖ് എസ്. ദർശൻ.