bird-flu

കോഴിക്കോട്: വെങ്ങേരി, കൊടിയത്തൂർ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നടപടികൾ ശക്തമാക്കി. മുക്കം നഗരസഭാ പരിധിയിൽ കോഴി ഫാമുകൾക്കും ചിക്കൻ സ്റ്റാളുകൾക്കും താത്കാലിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കണ്ണൂരിലേക്കുള്ള കോഴി കടത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകർ കടുത്ത ആശങ്കയിലാണ്.

മുക്കം നഗരസഭ പരിധിയിലെ മുഴുവൻ ചിക്കൻ ഫാമുകളുടെയും ചിക്കൻ സ്റ്റാളുകളുടെയും ലൈസൻസ് താത്ക്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇനിയൊരു നിർദേശമുണ്ടാകുന്നത് വരെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാവില്ല. മുട്ട വിൽപ്പന നടത്തുന്ന സ്റ്റാളുകൾക്ക് വിലക്ക് ബാധകമാണ്. രോഗം വ്യാപിക്കാതിരിക്കാൻ അധികൃതർ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ്. കോഴിക്കോട് താമരശ്ശേരി മേഖലകളിൽ മാത്രം 2000 കോഴി ഫാമുകളുണ്ട്. ലക്ഷക്കണക്കിന് കോഴികളാണ് ഫാമുകളിൽ ഉള്ളത്. രോഗ ഭീതി പടർന്നതിനെ തുടർന്ന് രോഗ ഭീഷണി ഇല്ലാത്ത പ്രദേശങ്ങളിലും വിൽപ്പന കുറഞ്ഞു.

കോഴി ഫാമുകളിലല്ല, നേരെ മറിച്ച് ഒരു സ്ത്രീ വളർത്തുന്ന 20 കോഴികളിൽ 18 എണ്ണം ചത്തതാണ് രോഗ നിർണയത്തിലെത്തിയത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലേക്ക് കോഴികളെ കയറ്റി അയക്കുന്നത് താമരശ്ശേരി, കോഴിക്കോട് മേഖലകളിൽനിന്നാണ്. രോഗം മറ്റ് കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാൻ രോഗ ബാധിത മേഖലകളിലെ വളർത്ത് പക്ഷികൾ ഉൾപ്പെടെയുള്ള മുഴുവൻ പക്ഷികളെയും കൊന്നൊടുക്കാൻ തുടങ്ങി. കൊന്ന പക്ഷികളെ അഞ്ചടി ആഴത്തിലുള്ള കുഴി എടുത്ത് ചുട്ട് കളയുകയാണ് ചെയ്യുന്നത്. 1700 കോഴികളെയാണ് ഇന്നലെ കൊന്നത്. ഇന്നും നാളെയും കൂടി 15000 കോഴികളെ കൊന്നൊടുക്കുമെന്നാണ് അധികൃതർ നല്കുന്ന വിവരം.

വൻകിട കമ്പനികളുടെ ഹൈടെക് ഫാമുകൾ ഉൾപ്പെടെ 2000ൽ അധികം ഫാമുകൾ കോഴിക്കോട്, താമരശ്ശേരി മേഖലകളിലിൽ ഉണ്ട്. ദിവസേന 1500 കോഴികളുള്ള 20 ലോറി ലോഡുകളാണ് ഇവിടെനിന്ന് പോകുന്നത്. സാമ്പത്തികമായി കനത്ത നഷ്ടം സഹിക്കുന്ന കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോഴി കർഷകരുടെ യൂണിയൻ ജില്ലാ സെക്രട്ടറി ടി. നാരായണൻ ആവശ്യപ്പെട്ടു. ഫാമുകളിൽ കെട്ടികിടക്കുന്ന കോഴികളെ വിൽപ്പന നടത്താൻ സാധിക്കാത്തതിനാൽ വലിയ നഷ്ടമാണ് സഹിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നടപടികളോട് പൂർണമായും കർഷകർ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.