കേരളം ഒന്നരമാസത്തിനിടെ ഒരിക്കൽക്കൂടി കൊറോണ രോഗഭീതിയിലായിരിക്കുന്നു. ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിന്റെ വിവേകശൂന്യമായ പ്രവൃത്തി മൂവായിരത്തിലേറെപ്പേരെ നിരീക്ഷിക്കേണ്ട സ്ഥിതിയിൽ എത്തിച്ചിരിക്കുകയാണ്. തങ്ങൾ ഇറ്റലിയിൽ നിന്നാണ് വരുന്നതെന്ന വിവരം അധികൃതരിൽ നിന്ന് അവർ മറച്ചുവയ്ക്കുകയായിരുന്നു. രാജ്യത്തെങ്ങും കൊറോണ ഭീതി പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തു നിന്നെത്തുന്ന ഏതു യാത്രക്കാരനോടും വിശദമായ യാത്രാവിവരങ്ങൾ ആരായാനും ആവശ്യമായ പരിശോധന നടത്താനും വിമാനത്താവള അധികൃതരും മെഡിക്കൽ സംഘവും ശ്രമിക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അതൊന്നും ഉണ്ടായില്ല. ഫലമോ? ഈ പ്രവാസി കുടുംബവുമായി സമ്പർക്കം പുലർത്തിയ ആയിരക്കണക്കിനാളുകളെ നിരീക്ഷിക്കേണ്ട അങ്ങേയറ്റം ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട പരുവത്തിലായി സംസ്ഥാന ആരോഗ്യവകുപ്പ്. കൊറോണയുടെ ആദ്യഘട്ടം വിജയകരമായി തരണം ചെയ്തതിന്റെ വൻനേട്ടവുമായി നിൽക്കുമ്പോഴാണ് സ്വയംകൃതാനർത്ഥത കൊണ്ട് ഇപ്പോൾ വലിയ ദൗത്യം ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത്. ചൈന കഴിഞ്ഞാൽ കൊറോണ മരണത്തിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്ന ഇറ്റലിയിൽ രോഗം നിയന്ത്രണാതീതമായി പെരുകുകയാണെന്നാണു റിപ്പോർട്ട്. കേരളത്തിൽ ഇതിനകം 84 പേർ ആശുപത്രികളിലും 650 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ഈ സംഖ്യ ഇനിയും ഉയർന്നേക്കാം.
കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം കൊച്ചിയിലെത്തിയ മൂന്നു വയസുള്ള കുട്ടിക്കും കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേരെയും ഐസൊലേഷൻ വാർഡിലാക്കി നിരീക്ഷിച്ചുവരികയാണ്. വിദേശത്തു നിന്നെത്തുന്ന എല്ലാവരും നിർബന്ധമായും 28 ദിവസം സ്വവസതികളിൽത്തന്നെ നിർബന്ധിത ക്വാരന്റൈൻ വാസത്തിനു തയ്യാറാകണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. കൊറോണയെക്കുറിച്ച് വ്യാപകമായ ചർച്ചകളും മുൻകരുതലുകളും മറ്റും സ്വീകരിച്ചിട്ടും ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി ആശുപത്രിയിലാക്കാൻ ഏറെ ശ്രമപ്പെടേണ്ടിവന്നു എന്നാണു റിപ്പോർട്ട്. തങ്ങൾ കാരണം സ്വസ്ഥമായി വീട്ടിൽ കഴിഞ്ഞിരുന്ന വന്ദ്യവയോധികരായ മാതാപിതാക്കൾ ഉൾപ്പെടെ എത്രയോ പേരാണ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയേണ്ടി വരുന്നതെന്ന് അവർ ആലോചിച്ചിട്ടുണ്ടാവില്ല.
ജനങ്ങളിൽ വലിയൊരു വിഭാഗം ഭയപ്പെടുന്നതുപോലെ അത്ര ഏറെയൊന്നും പേടിക്കേണ്ട ഒന്നല്ല കൊറോണ വൈറസ് ബാധ എന്നു പറയാം. ശരിയായതും ഫലപ്രദവുമായ പ്രതിരോധ നടപടി കൊണ്ട് വൈറസ് വ്യാപനം ഫലപ്രദമായി തടയാനാകും. ചൈനയിൽ നിന്നെത്തിയ ആദ്യ സംഘത്തിലെ മൂന്നുപേർക്ക് രോഗം പിടിപെട്ടിട്ടും ചികിത്സിച്ചു സുഖപ്പെടുത്താൻ ആരോഗ്യവകുപ്പിനു സാധിച്ചിരുന്നു. വൈറസ് വ്യാപനവും കൃത്യമായി തടയാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ സംഭവത്തിൽ രോഗാവസ്ഥ അറിയാതെ രോഗബാധിതർ ആയിരക്കണക്കിനു പേരുമായി ഇടപഴകിയതാണ് അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നത്. മനപ്പൂർവ്വമല്ലെങ്കിൽ പോലും പ്രവാസി ദമ്പതികളുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി എത്ര വലിയ ആപത്താണു സൃഷ്ടിച്ചിരിക്കുന്നതെന്നത് ഇപ്പോഴെങ്കിലും ബോദ്ധ്യമായിട്ടുണ്ടാകണം.
നൂറിലധികം രാജ്യങ്ങൾ ഇന്ന് കൊറോണ ഭീഷണിയിലാണ്. ചൈന കഴിഞ്ഞാൽ ഇറ്റലിയും ഇറാനുമാണ് രൂക്ഷമായ ഭീഷണി നേരിടുന്നത്. ഇന്ത്യയിൽ ഇതിനകം നാല്പതോളം പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആറുപേർ മലയാളികളാണ്. ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികൾ ബന്ധുക്കളുൾപ്പെടെ ധാരാളം പേരുമായി സമ്പർക്കത്തിലേർപ്പെട്ട സാഹചര്യത്തിൽ മെഡിക്കൽ സംഘം അവരെ ഒന്നൊഴിയാതെ കണ്ടെത്തി നിരീക്ഷിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതുപോലുള്ള ആരോഗ്യ അടിയന്തര സാഹചര്യങ്ങൾ മുമ്പും സമർത്ഥമായി നേരിട്ട പരിചയമുള്ളതിനാൽ യത്നം പാഴാവുകയില്ലെന്നുതന്നെ കരുതാം. ഏതു സ്ഥിതിയും നേരിടാൻ നമ്മുടെ ആരോഗ്യവകുപ്പ് സുസജ്ജവുമാണ്. അതുകൊണ്ട് ജനങ്ങൾക്ക് അത്ര വലിയ ഭീതിയൊന്നും വേണ്ട. ചിട്ടയോടെയുള്ള പ്രവർത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്. പ്രവാസി കുടുംബം എത്തിയ റാന്നി ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ പ്രത്യേകമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. വളരെയധികം പേർ കൂടുന്ന ചടങ്ങുകൾ ഒഴിവാക്കണമെന്നാണു നിർദ്ദേശം. ആരാധനാലയങ്ങൾ പോലും ഇതിന്റെ പരിധിയിൽ വരും. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ രണ്ടാഴ്ചയെങ്കിലും പുറത്തിറങ്ങാതെ വീടുകളിൽത്തന്നെ കഴിയണമെന്നാണ് മെഡിക്കൽ വിദഗ്ദ്ധരുടെ നിർദ്ദേശം. വിമാനത്താവളങ്ങളിലും നിഷ്‌കൃഷ്ടമായ പരിശോധനകൾക്ക് ഏർപ്പാടായിട്ടുണ്ട്. രണ്ടുവർഷം മുൻപ് കോഴിക്കോട്ട് നിപ്പ ബാധ ഉണ്ടായപ്പോൾ അതിന്റെ വ്യാപനം തടയുന്നതിൽ സ്തുത്യർഹമായ നേട്ടം കൈവരിക്കാനായി. അതുപോലെ കൊറോണയെയും തടഞ്ഞുനിറുത്താൻ കഴിയണം. ആരോഗ്യ വകുപ്പിന്റെ യത്നങ്ങളോട് പൂർണമായും സഹകരിക്കുക എന്ന ഒറ്റക്കാര്യമേ ജനങ്ങൾക്ക് ഈ വിഷയത്തിൽ ചെയ്യാനുള്ളൂ. വിദഗ്ദ്ധർ നൽകുന്ന മുൻകരുതലുകൾ അതേപടി അനുസരിക്കണം. രോഗാവസ്ഥയെ അവഗണിക്കാതെ വിദഗ്ദ്ധ സേവനം തേടുക തന്നെ വേണം. സാധാരണ ജലദോഷമാണെങ്കിൽ പോലും ആവശ്യമായ മുൻകരുതലെടുക്കുകയാണു വേണ്ടത്. എല്ലാവരും ഒരുപോലെ മനസുവച്ചാൽ കൊറോണയെ തോല്പിക്കാനും നമുക്കാകുമെന്നു തെളിയിക്കണം.