വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട മിനിലോറി സ്‌കൂട്ടറിൽ ഇടിച്ച ശേഷം റോഡരികിൽ നിറുത്തിയിട്ടിരുന്ന കാർ ഇടിച്ചുതകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി വലിയകട്ടയ്‌ക്കാൽ പുളിയറക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മിനി ലോറി നിയന്ത്രണംവിട്ട് അതേ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞെങ്കിലും യാത്രികൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു, കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് നിറുത്താതെ പോയ മിനി ലോറിയെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.