തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ ലംഘിച്ചാൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം കർശന നടപടിയെടുക്കുമെന്ന് മന്ത്റി കെ.കെ. ശൈലജ അറിയിച്ചു. ഇ​റ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ സമ്പർക്കത്തിലൂടെ രണ്ടു പേർക്കും രോഗം ബാധിച്ചതിനെ തുടർന്നാണ് കർശന നടപടി.

സംസ്ഥാനത്ത് ആറ് പേരാണ് കൊറോണ ബാധിച്ച് ചികിത്സയിലുള്ളതെന്നും മന്ത്റി അറിയിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിൽ ഇ​റ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയും മാതാപിതാക്കളും കൊച്ചി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് മടങ്ങിവന്നവരിൽ ചിലർ വിമാനത്താവളത്തിലോ ഹെൽത്ത് ഡെസ്‌കിലോ റിപ്പോർട്ട് ചെയ്യാതെ വിവരം മറച്ചുവയ്ക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളെ കാണുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് അവർക്കും സമൂഹത്തിനും ദോഷകരമായ അവസ്ഥയാണ്. ഇത്തരം നിരുത്തരവാദ പെരുമാ​റ്റത്തിനെതിരെ കർശന നടപടികളെടുക്കുമെന്ന് മന്ത്റി പറഞ്ഞു.

നിർദ്ദേശങ്ങൾ

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടണം.

കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

രോഗബാധിത പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന മാർഗ നിർദ്ദേശങ്ങൾ പ്രകാരം വീടുകളിൽ തുടരണം.

ഇവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.

കാൾസെന്റർ- 0471 2309250, 0471 2309251, 0471 2309252

ദിശ 1056, 0471 2552056