കിളിമാനൂർ: കനാറാ-സമത്വ തീരം റോഡ് യാത്ര ഇനി കഠിനമല്ല. പഴയകുന്നുമ്മൽ പഞ്ചായത്തിലെ കനാറാ നിവാസികൾ ദുരിത യാത്ര അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു. നൂറോളം കുടുംബങ്ങൾ താമസിക്കുകയും, നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ അവസാന ഭാഗത്താണ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച പൊതു ശ്മശാനവും സ്ഥിതി ചെയ്യുന്നത്. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ കാനാറയിലാണ് ഒരു കോടി ചിലവിട്ട് വൈദ്യുതിയിലും ഗ്യാസിലും പ്രവർത്തിക്കുന്ന പൊതു ശ്മശാനം നിർമ്മിച്ചത്.
കുന്നിൻ മുകളിലെ കാനാറയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനായി ഇതോടൊപ്പം 50 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. എന്നാൽ കരാറുകാരൻ പണി നടത്താതായതോടെ റോഡിലൂടെയുള്ള ശവമഞ്ചം പേറിയുള്ള യാത്ര ദുസഹമായിരിന്നു. പതിറ്റാണ്ട് മുൻപ് റോഡിന്റെ കുറെ ഭാഗം ടാർ ചെയ്തിരുന്നു. കുണ്ടും കുഴിയും വീണ് ടാർ കണികാണാൻ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ടാർ കഴിഞ്ഞ് നൂറു മീറ്ററോളം ഭാഗം മഴക്കാലത്ത് ചെളിക്കെട്ടാകുന്ന ചെമ്മൺ പാതയാണ്. റോഡിന്റെ ദുരവസ്ഥ കാരണം അംബുലൻസിലും മറ്റും കൊണ്ടുവരുന്ന മൃതദേഹങ്ങൾ സെട്രച്ചറിൽ നിന്നും തെറിച്ച് വാഹനത്തിന്റെ പ്ലാറ്റ്ഫോമിൽ വീഴുന്ന സ്ഥിതിയായിരുന്നു. ഇതെല്ലാം ചൂണ്ടി കാട്ടി കേരള കൗമുദി വാർത്ത നൽകുകയും എം.എൽ എ ബി. സത്യൻ അടിയന്തരമായി ഇടപെടുകയും ആയിരുന്നു .ഇതേ തുടർന്ന് റോഡ് പണി ഉടൻ പൂർത്തിയാക്കുകയും ചെയ്തു. സംസ്ഥാനത്ത് തന്നെ ഗ്യാസിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ആദ്യത്തെ പൊതു ശ്മശാനമാണ് ഇവിടുള്ളത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഴയകുന്നുമ്മൽ, കിളിമാനൂർ, പുളിമാത്ത്, നഗരൂർ, കരവാരം, മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ശ്മശാനം പഴയകുന്നുമ്മൽ പഞ്ചായത്തിലെ കാനാറയിൽ നിർമിച്ചത്.
പ്രദേശത്തെ ജനങ്ങൾ യാത്രാ ദുരിതത്തിലായിരുന്നു. വിദൂരത്തുള്ളവർ ശ്മശാനത്തിലേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. റോഡിന്റെ നിർമ്മാണത്തോടെ ഇതിന് പരിഹാരമായിരിക്കുകയാണ്.
ബി. സത്യൻ എം.എൽ.എ