kerala-congress-

തിരുവനന്തപുരം: യു.ഡി.എഫിനകത്തെ കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ ആവർത്തിക്കുന്ന 'പിളർപ്പ് വൈറസ് ബാധ' ഇടതുമുന്നണിയിലെ ജനാധിപത്യ കേരള കോൺഗ്രസിലേക്കും പടരുന്നു. യു.ഡി.എഫിലുള്ള പി.ജെ. ജോസഫിനൊപ്പം ലയിക്കാൻ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജും കൂട്ടരും നീക്കം ശക്തമാക്കി.

എന്നാൽ, ഡോ.കെ.സി. ജോസഫ്, ആന്റണി രാജു, പി.സി. ജോസഫ് എന്നീ മുൻ നിര നേതാക്കൾ പാർട്ടിയോ ഇടതുമുന്നണിയോ വിട്ട് പോകില്ലെന്ന ഉറച്ച നിലപാടിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സീറ്റുകൾ കണ്ടെത്താൻ ഇടതുമുന്നണി നിർദ്ദേശിച്ച സ്ഥിതിക്ക്, മടങ്ങിപ്പോകൽ ആത്മഹത്യാപരമെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പാർട്ടി പിളരുമെന്നുറപ്പായി. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി 14ന് കോട്ടയത്ത് വിളിച്ചിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ലയന വാർത്തകളിൽ ചെയർമാൻ ഫ്രാൻസിസ് ജോർജിന് മറുപടി നൽകേണ്ടി വരും. അതുവരെ കാക്കാതെ, 14ന് മുമ്പ് ലയന തീരുമാനത്തിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്. ഇന്ന് എ.കെ.ജി സെന്ററിൽ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് ഫ്രാൻസിസ് ജോർജ് പങ്കെടുക്കുമോയെന്നും വ്യക്തമല്ല.

കെ.എം. മാണിയെ പരസ്യമായി വിമർശിച്ച് പുറത്ത് പോയ ആളാണ് ഫ്രാൻസിസ് ജോർജ് എന്നതിനാൽ ഇപ്പോൾ ജോസഫിനൊപ്പം നിൽക്കുന്ന മുൻ മാണി ഗ്രൂപ്പുകാരായ ജോയി എബ്രഹാമും സി.എഫ്. തോമസും ഫ്രാൻസിസിന്റെ വരവിനോട് തുടക്കത്തിൽ താല്പര്യം കാട്ടിയിരുന്നില്ല. എന്നാൽ, ഇപ്പോൾ പഴയ അതൃപ്തി അവർക്കില്ല. നേരത്തേ മുതൽ ജോസഫിന്റെ ശിഷ്യനായിരുന്നു ഫ്രാൻസിസ് ജോർജ്. പാർട്ടിയുടെ ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലാ പ്രസിഡന്റുമാർ ഫ്രാൻസിസിനൊപ്പമുണ്ടാകുമെന്നാണ് പറയുന്നത്. മുൻ എം.പി വക്കച്ചൻ മറ്റത്തിലും ഒപ്പം ചേർന്നേക്കും.

നേരത്തേ ഒരു വട്ടം ലയന ചർച്ച നടന്നെങ്കിലും അന്ന് ജോസഫിനൊപ്പമുള്ള മുൻ മാണി ഗ്രൂപ്പുകാരായ പ്രമുഖരുടെ താല്പര്യക്കുറവ് കാരണമാണ് നീക്കം പാതിവഴിയിലുപേക്ഷിച്ചത്. ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കുമെന്ന് പിന്നീട് ഫ്രാൻസിസ് ജോർജ് പരസ്യമായി പറഞ്ഞു. എന്നാൽ, ഫ്രാൻസിസ് പോയില്ലെങ്കിലും അദ്ദേഹത്തിന്റെ ശക്തികേന്ദ്രങ്ങളിൽ നേതാക്കളും അണികളും ജോസഫിനൊപ്പം പോകുന്ന സ്ഥിതിയാണ്. അതിനാൽ, അദ്ദേഹത്തിന് മടങ്ങാതെ നിവൃത്തിയില്ലെന്നാണ് പറയുന്നത്. ജോസഫുമായി മുന്നണി നേതൃത്വം അറിയാതെ അദ്ദേഹം രഹസ്യ ചർച്ച നടത്തിയത് ഇടതുമുന്നണിക്കും ക്ഷീണമായി.