തിരുവനന്തപുരം : കൊറോണയുടെ പശ്ചാത്തലത്തിൽ കർശനമായ നിരീക്ഷണങ്ങളുമായാണ് ആറ്റുകാൽ പൊങ്കാല നടന്നത്. രോഗലക്ഷണങ്ങൾ ഉള്ളവരാരും പൊങ്കാലയ്‌ക്ക് എത്തരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുള്ളതിനാൽ അതീവ സുരക്ഷയാണ് പൊങ്കാലയ്ക്ക് ഉണ്ടായിരുന്നത്.എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല .. പൊങ്കാലയിടാനെത്തിയവരുടെ വീഡിയോ എടുക്കുന്നതിന് സംവിധാനം ഒരുക്കിയിരുന്നു . ആർക്കെങ്കിലും അസുഖമുണ്ടായതായി കണ്ടാൽ ആശുപത്രിയിലെത്തിക്കാനും സമ്പർക്കത്തിലുള്ള ആളുകളെ കണ്ടെത്താനും സഹായിക്കാനായിരുന്നു വീഡിയോ എടുത്തത്. ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നവരെ ആശുപത്രികളിലെത്തിക്കാനും സൗകര്യം ഒരുക്കിയിരുന്നു . ലക്ഷക്കണക്കിന് ആളുകൾ പൊങ്കാലയിടാനെത്തിയതിനാൽ പൊങ്കാല കഴിഞ്ഞശേഷവും നഗരം അതീവ നിരീക്ഷണത്തിലാണ് . 23 ഹെൽത്ത് ടീമിനെയായിരുന്നു പൊങ്കാലയ്ക്കായി സജ്ജമാക്കിയിരുന്നത് . 12 ആംബുലൻസുകളും അഞ്ചു ബൈക്ക് ആംബുലൻസുകളും 32 വാർഡുകളിലും പ്രത്യേക മെഡിക്കൽ ടീമും സജ്ജമാക്കിയിരുന്നു . റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അടക്കമുള്ള ടീമുകൾ അതത് സ്ഥലങ്ങളിൽ പനിയോ ജലദോഷമോ ഉള്ളവരെയും രോഗബാധിത പ്രദേശങ്ങളിൽ നിന്നു മടങ്ങിയെത്തിയവരെയും കണ്ടെത്താനും സംവിധാനമായൊരുക്കിയിരുന്നു . റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ കൊറോണ അവബോധം നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരും പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഭക്ഷണവിതരണം നടത്തുന്നവരുമെല്ലാം മാസ്‌ക് ധരിച്ചായിരുന്നു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് .
കോവിഡ് 19 സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെൽ ഡയറക്ടർ ഡോ. പി.എസ്. ഇന്ദു എന്നിവർ ഇക്കാര്യങ്ങൾ വിലയിരുത്തി .
മാസ്ക് ധരിച്ച് പൊങ്കാലക്കാർ
കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ മുൻകരുതലോടെയാണ് പൊങ്കാലക്കാരെത്തിയത്. രോഗവ്യാപന ഭീഷണിയുള്ളതിനാൽ പൊങ്കാലക്കാർ പലരും മാസ്‌ക് ധരിച്ചിരുന്നു . നഗരത്തിലെ മെഡിക്കൽ സ്റ്റോറുകളിലൊരിടത്തും മാസ്‌ക് കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. അമ്മയ്ക്ക് മുന്നിൽ പൊങ്കാലയർപ്പിക്കുന്നതിന് കൊറോണ തടസമല്ലെന്നും അതിനാലാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അവഗണിച്ചും തങ്ങൾ പൊങ്കാലയ്ക്കെത്തിയതെന്നും ഇവർ പറഞ്ഞു. ''അമ്മയ്ക്കുള്ള സമർപ്പണമാണ് പൊങ്കാല. ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല, ആ വിശ്വാസമാണ് ഞങ്ങളെ നയിക്കുന്നത്"- പൊങ്കാലയർപ്പിക്കാനെത്തിയവർ പറഞ്ഞു.