വിതുര: വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ മിക്ക വീഥികളും ഇരുട്ടിലായിട്ട് കാലങ്ങളായി. ഇവിടുത്തെ തെരുവ് വിളക്കുകൾ കഴിഞ്ഞ രണ്ട് മാസമായി പ്രകാശിക്കാറില്ല. രാത്രികാലങ്ങളിൽ ഈ വഴിയാത്രചെയ്യുന്നവർ ഇരുട്ടിൽ തപ്പിയാണ് യാത്ര. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും മറ്റും പഞ്ചായത്ത് ബഡ്ജറ്റിൽ ലക്ഷക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയവ സ്ഥാപിക്കാറില്ലെന്ന് മാത്രമല്ല, പഴയവ അറ്രകുറ്റപ്പണികൾ ചെയ്യാനും ആരും മിനക്കെടാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. തെരുവുവിളക്കുകൾ കത്താതായതോടെ പഞ്ചായത്ത് അധികൃതർക്ക് പല തവണ പരാതി നല്കിയിട്ടും നടപടിസ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രധിഷേധമാണ് ഉയരുന്നത്.
തൊളിക്കോട് വിതുര പഞ്ചായത്തുകളിൽ അടുത്തിടെ നിരവധി മോഷണങ്ങൾ നടന്നു. ക്ഷേത്രങ്ങളിലും അനവധി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമായി കള്ളൻമാർ സ്വർണവും പണവും മോഷ്ടിച്ചു. ക്ഷേത്രത്തിലും വീടുകളിലും കവർച്ച നടത്തിയ മോഷ്ടാക്കളെ ഇനിയും പിടികൂടാനായിട്ടില്ല. ഒപ്പം വീടുകളിൽ നിന്നും റബർഷീറ്റ്, കാർഷികവിളകൾ എന്നിവ പതിവായി മോഷണം പോകുന്നതായും പരാതിയുണ്ട്. തെരുവ് വിളക്കുകൾ മിഴിയടച്ചത് കള്ളന്മാർക്ക് ഉപകാരമായ മട്ടാണ്. കൂടാതെ പ്രദേശം മുഴുവൻ ഇരുട്ട് പരന്നതോടെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി ഈ പ്രദേശം മാറിയെന്നും പരാതിയുണ്ട്. സ്ത്രീകൾ മാത്രമുള്ള വീടുകളാണ് ഇവർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
ഇരുട്ടിന്റെ മറവിൽ ഇറച്ചി മാലിന്യം വലിച്ചെറിയുന്നത് നിത്യ സംഭവമാണ്. തൊളിക്കോട്, വിതുര, ആര്യനാട് നന്ദിയോട്, പെരിങ്ങമ്മല, പഞ്ചായത്തുകളിൽ മാലിന്യനിക്ഷേപവും രൂക്ഷമാണ്. പ്രധാനപാതയോരങ്ങളിൽവരെ രാത്രിയിൽ ഇറച്ചി വേസ്റ്റ് ഉൾപ്പടെയുള്ള മാലിന്യം വലിച്ചെറിയുകയാണ്. നേരം വെളുത്തുകഴിഞ്ഞാൽ മാലിന്യ കൂമ്പാരത്തിന്റെ അളവ് ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്.
വിതുര പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളായ വിതുര കലുങ്ക് ജംഗ്ഷൻ, ചന്തമുക്ക്, ശിവൻകോവിൽ ജംഗ്ഷൻ, തേവിയോട്, ആനപ്പാറ, കല്ലാർ, ജഴ്സിഫാം, ചേന്നൻപാറ തുടങ്ങി നിരവധി പ്രദേശങ്ങൾ തെരുവ് നായ്ക്കളുടെ പിടിയിലാണ്. രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവിൽ ഇവിടെ വലിച്ചെറിയുന്ന ഇരച്ചി മാലിന്യം ഉൾപ്പടെയുള്ളവ ഭക്ഷിക്കാൻ എത്തുന്ന തെരുവ് നായ്ക്കൾ പിന്നീട് ഇവിടെത്തന്നെ കൂടുകയാണ്. ഇൗ ജംഗ്ഷനുകളിൽ രാത്രിയിൽ ബസിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ തെരുവ് നായകളുടെ കടി ഉറപ്പാണ്.