ആറ്റിങ്ങൽ: പ്ലസ് വൺ വിദ്യാർത്ഥിക്ക് അർഹതപ്പെട്ട മാർക്ക് ലഭിച്ചില്ലെന്നുകാട്ടി രക്ഷാകർത്താവ് ബന്ധപ്പെട്ടവർക്ക് പരാതി നൽകി. ആലംകോട് പൂവൻപാറ കുന്നു വിളാകം വീട്ടിൽ ഷീജയുടെ മകൻ ശ്രീവിനായകനാണ് ഇംപ്രൂവ് മെന്റിലും അർഹതപ്പെട്ട മാർക്ക് ലഭിക്കാത്തത്.

ആറ്റിങ്ങൽ ഗവ. മോഡൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ശ്രീവിനായക്. പരീക്ഷാ ഫലം വന്നപ്പോൾ ഇഷ്ടവിഷയമായ കണക്കിന് ഇംപ്രൂവ് മെന്റ് പരീക്ഷയിലും അർഹതപ്പെട്ട മാർക്ക് ലഭിച്ചില്ല. ഇതോടെയാണ് റീവാല്യുവേഷന് കൊടുത്തത്. അപ്പോൾ 80 ൽ 39 മാർക്കാണ് ലഭിച്ചത്. എന്നാൽ പേപ്പർ കോപ്പി എടുപ്പിച്ച് പരിശോധിച്ചപ്പോൾ 80 ൽ 70 മാർക്കാണെന്ന് കണ്ടെത്താനായി. അർഹതപ്പെട്ട മാർക്ക് റീവാല്ല്യുവേഷൻ നടത്തിയ അദ്ധ്യാപകൻ നൽകിയില്ലെന്നുകാട്ടി വിദ്യാഭ്യാസ മന്ത്രി,​ ഹയർസെക്കൻഡറി വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് രക്ഷാകർത്താവ് പരാതി നൽകി. ഇത്തരത്തിൽ ഒരനുഭവം ഒരു കുട്ടിക്കും വരാതിരിക്കാൻ പേപ്പർ വാല്യൂവേഷൻ നടത്തിയ അദ്ധ്യാപകരേയും റീവാല്യുവേഷൻ നടത്തിയ അദ്ധ്യാപകരേയും മാതൃകാ പരമായി ശിക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.