തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളുടെയും തദ്ദേശ തിരഞ്ഞെടുപ്പിന്റെയും മുന്നൊരുക്കങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടർ പ്രക്ഷോഭങ്ങളും ചർച്ച ചെയ്യുന്നതിന് ഇടതുമുന്നണി യോഗം ഇന്ന് വൈകിട്ട് മൂന്നിന് എ.കെ.ജി സെന്ററിൽ ചേരും.
ഇതിന് മുന്നോടിയായി കുട്ടനാട്ടിലെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ എൻ.സി.പി ചുമതലപ്പെടുത്തിയ മൂന്നംഗ നേതൃതല സമിതിയും ചേരുന്നുണ്ട്. സ്ഥാനാർത്ഥിക്കാര്യത്തിൽ ഏകദേശ ധാരണയിലെത്താനാണ് ശ്രമം.തർക്കം നീളുന്നത് ഇടതുമുന്നണി നേതൃത്വത്തിനും അലോസരം സൃഷ്ടിക്കുന്നുവെന്ന തിരിച്ചറിവിലാണ് എൻ.സി.പി നേതൃത്വം. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ, മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി.കാപ്പൻ എം.എൽ.എ എന്നിവരടങ്ങിയ സമിതിയാണ് സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയിൽ നിന്ന് അന്തിമമായി ഒരു പേര് കണ്ടെത്തേണ്ടത്. പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് ബോർഡിന്റെ അനുമതിയും അതിന് ലഭിച്ചാൽ, വൈകിട്ടത്തെ ഇടതുമുന്നണി യോഗത്തിൽ അംഗീകാരം നേടിയെടുത്ത് പ്രചരണത്തിലേക്ക് നീങ്ങാനാവും.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ,പ്രാദേശിക തലത്തിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചുള്ള പ്രചരണ യോഗങ്ങളിലേക്ക് മുന്നണി നേതൃത്വം കടന്നേക്കും. സീറ്റുകളുടെ കാര്യത്തിലുള്ള ചർച്ചകൾ പാർട്ടികളിൽ അനൗപചാരികമായി നടക്കുന്നുണ്ടെങ്കിലും ഇന്നത്തെ മുന്നണിയോഗം അതിലേക്ക് കടക്കില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് മുതൽ 20 വരെ ഭവനസന്ദർശന പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ ഇന്ന് ചർച്ച ചെയ്യും. 23ന് ഭഗത്‌സിംഗ് രക്തസാക്ഷി ദിനാചരണവും വിപുലമായി നടത്താൻ തീരുമാനമുണ്ട്.