തിരുവനന്തപുരം: സർവമംഗള മംഗല്യയായ ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി പൊങ്കാല അർപ്പിച്ച ഭക്തലക്ഷങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയിൽ ദേവീചൈതന്യം നിറഞ്ഞുതുളുമ്പി. വാക്കിലും നോക്കിലും മനസിലും അമ്മയെ നമിച്ചുകൊണ്ട് ഭക്തകൾ മഹാപൊങ്കാല അർപ്പിച്ച് സായൂജ്യമടഞ്ഞു. അഖിലാണ്ഡേശ്വരിക്കു മുന്നിൽ ആത്മസമർപ്പണം നടത്തിയ ചാരിതാർത്ഥ്യത്തോടെയാണ് എല്ലാ ദിക്കുകളിൽ നിന്നുമെത്തിയവർ മടങ്ങിയത്.
ഇന്നലെ അടുപ്പുവെട്ട് ചടങ്ങിനു മുന്നോടിയായി രാവിലെ 9.45ന് ശ്രീകോവിലിൽ ശുദ്ധപുണ്യാഹം നടന്നു. തുടർന്ന് ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി. ആ ദീപം ഏറ്റുവാങ്ങി മേൽശാന്തി തിടപ്പള്ളിയിലെ അടുപ്പിൽ പകർന്നു.
അതിൽ നിന്ന് അഗ്നി കൊളുത്തി സഹമേൽശാന്തി കേശവൻ നമ്പൂതിരിക്ക് ദീപം നൽകി. ആ ദീപം സഹശാന്തി പണ്ടാര അടുപ്പിൽ ജ്വലിപ്പിച്ചതോടെ ആചാരവെടി മുഴങ്ങി. അപ്പോൾ സമയം 10.30. അനന്തപുരി പൊങ്കാലയുടെ മഹാസാഗരമായി.
എല്ലാമൊരുക്കി പുലർച്ച മുതൽ കാത്തിരുന്ന ഭക്തരുടെ അടുപ്പുകളിൽ ഇതോടെ തീ തെളിഞ്ഞു.
എങ്ങും ''അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ" മന്ത്രങ്ങളാൽ മുഖരിതമായി. 15 കിലോമീറ്റർ ചുറ്റളവിൽ നിരന്ന പൊങ്കാലഅടുപ്പുകളിൽ നിന്ന് അഗ്നിജ്വാലകളുയർന്നു. പൊങ്കാലയ്ക്കു പുറമേ തെരളിയും മണ്ടപ്പുറ്റുമെല്ലാം ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് 2.10ന് പൊങ്കാല നിവേദ്യം തുടങ്ങി. ക്ഷേത്രത്തിൽ നിന്നു നിയോഗിച്ച 250 ഓളം ശാന്തിക്കാർ തീർത്ഥം പൂക്കുലയിൽ മുക്കി പൊങ്കാലക്കലങ്ങളിൽ തൂവി.
ഈ സമയം ആകാശത്തു സെസ്ന വിമാനത്തിൽനിന്ന് പുഷ്പമഴ പെയ്തു. എങ്ങും ആത്മനിവേദനത്തിന്റെ സായൂജ്യം നിറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, വി.കെ.പ്രശാന്ത്, മേയർ കെ. ശ്രീകുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.