ആറ്റിങ്ങൽ: വർഷങ്ങളുടെ പഴക്കമുള്ള കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ക്ഷേത്രത്തിന്റെ ആനകൊട്ടിലും കൂത്തമ്പലവും ബൈപാസ് നിർമ്മാണത്തിനായി എടുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ബൈപാസ് നിർമ്മിക്കുമ്പോൾ അലൈൻമെന്റിൽ ചെറിയ വ്യത്യാസം വരുത്തിയാൽ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീക്ഷേത്രം സംരക്ഷിക്കാമെന്നാണ് നാട്ടുകാരുടെ വാദം. പലയിടങ്ങളിലും ഇത്തരത്തിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയാണ് പ്രതിഷേധത്തിന് അറുതിയാക്കിയത്. നിലവിലെ രൂപരേഖയനുസരിച്ച് ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് മൂലയും ആനക്കൊട്ടിലും കൂത്തമ്പലവും നഷ്ടമാകുമെന്നാണ് ആശങ്ക. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് കോൺ (കന്നിമൂല) നഷ്ടമായാൽ വാസ്തുശാസ്ത്രപ്രകാരമുളള കണക്കുകൾ തെറ്റുമെന്നും അത് ക്ഷേത്രത്തിന്റെ നിലനില്പിനെ ബാധിക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇതുസംബന്ധിച്ച് ക്ഷേത്രോപദേശകസമിതി ദേശീയപാതാവികസന അതോറിട്ടിക്കും സർക്കാരിനും നിവേദനം നല്കിയിട്ടുണ്ട്. ആറ്റിങ്ങൽ ബൈപാസിനായി രൂപരേഖ തയ്യാറാക്കിയത് 2008 ലാണ്. ആകാശസർവേ നടത്തി റോഡിന്റെ ഭൂപടം തയ്യാറാക്കി ഭൂമിയേറ്റെടുക്കുന്നതിന് കല്ലുകൾ സ്ഥാപിക്കുകയും സർവേനടപടികൾ നടത്തുകയും ചെയ്തു. 2010ലും, 2012ലും, 2018ലും ഇതിനായി മൂന്ന് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. ഇപ്പോൾ നാലാമത്തെ വിജ്ഞാപനമാണ് നടന്നത്. സർവേനടപടികൾ പൂർത്തിയായിക്കഴിഞ്ഞു. റോഡിന്റെ രൂപരേഖ വന്നപ്പോൾ മുതൽ തിരുവാറാട്ടുകാവും ഇടയാവണത്ത് ക്ഷേത്രവും ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. 2008ലെ രൂപരേഖ മാറ്റുന്നത് കൂടുതൽ ജനവാസകേന്ദ്രങ്ങളെ ബാധിക്കുമെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കിയിരുന്നു. ദേവസ്വം മന്ത്രിയും ജില്ലാകളക്ടറുമടക്കം സ്ഥലം സന്ദർശിച്ച് വിവരങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. പൗരാണികമായ ഈ ക്ഷേത്രം സംരക്ഷിക്കുന്നതിന് സർക്കാർതലത്തിൽ ഇടപെടലുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.