corona-pta

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജയിലുകളിൽ കർശന ജാഗ്രത പാലിക്കാൻ നിർദ്ദേശച്ച് ജയിൽ മേധാവി ഋഷിരാജ് സിംഗ് ഉത്തരവിറക്കി. എല്ലാ ജയിലുകളിലും മുൻകരുതലെന്ന നിലയിൽ ഐസൊലേഷൻ മുറി സജ്ജമാക്കും. പനി, ജലദോഷം എന്നിവയുള്ള തടവുകാരെ ഐസൊലേഷൻ ബ്ലോക്കുകളിലേക്ക് മാറ്റും. പുതിയ തടവുകാരെ ആറു ദിവസം ജയിലിലെ അഡ്‌മിഷൻ ബ്ലോക്കിൽ പ്രത്യേകം പാർപ്പിക്കണം. ഇവരെ നിരീക്ഷിക്കാൻ സൂപ്പർവൈസർമാരെ നിയോഗിക്കണം. ജയിൽ മെഡിക്കൽ ഓഫീസറോ ഹെൽത്ത് വിസിറ്ററോ എല്ലാ ദിവസവും ഒ.പിയിൽ തടവുകാരെ പരിശോധിക്കണം. ജയിലിനുള്ളിൽ മാസ്‌ക് കൗണ്ടറും കളക്ഷൻ യൂണിറ്റും തുടങ്ങണം. മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം. പൊതുസ്ഥലത്ത് തുപ്പുന്നത് തടയാൻ ബോർഡുകൾ പ്രദർശിപ്പിക്കണം. തടവുകാരെ സന്ദർശിക്കാനെത്തുന്നവർ രോഗബാധിതരാണോ എന്ന് പരിശോധിക്കണം. കൊറോണ ബാധിത ജില്ലകളിലെ കോടതികളിൽ നിന്ന് അയയ്ക്കുന്ന തടവുകാരെ പ്രത്യേകം നിരീക്ഷിക്കണം. പ്രതികളെ ആശുപത്രികളിലേക്ക് പകൽ സമയം കൊണ്ടുപോകണം. സെൻട്രൽ ജയിലിലെ മെഡിക്കൽ ഓഫീസറുമായി അടിയന്തര ഘട്ടങ്ങളിൽ മറ്റ് ജയിലുകളിലെ ജീവനക്കാർക്ക് ബന്ധപ്പെടാൻ മൊബൈൽ വീഡിയോ കോൺഫറൻസിംഗ് സൗകര്യമൊരുക്കണം. ജയിലിൽ നിന്ന് റഫർ ചെയ്യുന്ന പ്രതികളെ മെഡിക്കൽ കോളേജുകളിലേക്ക് നേരിട്ട് അയയ്ക്കാതെ റഫറൽ യൂണിറ്റ് ആശുപത്രിയിലേക്ക് അയയ്ക്കണം. അതേസമയം ജയിലുകളിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്നും മുൻകരുതൽ മാത്രമാണിതെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.