തിരുവനന്തപുരം: കൈവല്യദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവർക്ക് കുംഭച്ചൂടിൽ തിളയ്ക്കുന്ന നഗരപാതകളോ അടുപ്പിൽ നിന്നുള്ള ചൂടോ ഒന്നും തടസമായിരുന്നില്ല.

കലത്തിലേക്ക് അരിമണികൾ അർപ്പിക്കുമ്പോൾ പലരുടെയും മിഴികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. മകൾക്ക് മംഗല്യഭാഗ്യം ലഭിക്കാൻ, മകൻ പരീക്ഷ വിജയിക്കാൻ, ഭർത്താവിന്റെ രോഗം മാറാൻ, കുടുംബ ദോഷം മാറാൻ.... അങ്ങനെ എത്രയെത്ര പ്രാർത്ഥനകളാണ് പൊങ്കാലയ്ക്കൊപ്പം സ്ത്രീഭക്തർ ദേവിക്ക് മുന്നിൽ സമർപ്പിച്ചതെന്നറിയില്ല.

ആറ്റുകാലമ്മയുടെ തിരുനടയിൽ പാട്ടുപുരയ്ക്കു മുന്നിൽ തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നി പകർന്നപ്പോൾ സമയം 10.30. അപ്പോഴാണ് ചെണ്ടമേളവും വായ്ക്കുരവയും മുഴങ്ങിയത്. ഒപ്പം കതിനാവെടിയൊച്ചയും. തൊട്ടടുത്ത നിമിഷം എല്ലാവരും അടുപ്പുകളിലേക്ക് തീ പകരാനുള്ള മൈക്ക് അനൗൺസ്‌മെന്റും എത്തി.

നോട്ടീസിലെ സമയമനുസരിച്ച് അടുപ്പു വെട്ട് സമയം 10.20 ആയിരുന്നു. അപ്പോൾ മൈക്കിലൂടെ അറിയിപ്പ് വന്നത് 'ചെണ്ടമേളവും മൈക്കിലൂടെ അറിയിപ്പും വന്ന ശേഷമേ ഭക്തർ അടുപ്പുകളിൽ തീ പകരാവൂ' എന്നായിരുന്നു. പക്ഷ,​ ഈ സമയം പാളയത്തും മറ്റ് ദൂര ദിക്കുകളിലുമുള്ളവർ അടുപ്പുകളിലേക്ക് തീ കത്തിച്ചിരുന്നു. 10.27 ആയപ്പോൾ ഭക്തരുടെ വായ്ക്കുരവ കേട്ടത് ആശയക്കുഴപ്പമുണ്ടാക്കി. വീണ്ടും അറിയിപ്പു വന്നു.

ക്ഷേത്ര പരിസരങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് പണ്ടാര അടുപ്പിലെ തീ പകർന്നെടുത്താണ് നൽകിയത്. പണ്ടാര അടുപ്പിൽ നിന്നു പകർന്നെടുക്കുന്ന തീ ആദ്യം നിരവധി പന്തങ്ങളിലേക്ക് പകർന്നു. അതിനുശേഷം ആ പന്തവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളിൽ വോളന്റിയർമാർ വിവിധ ദിക്കുകളിൽ പൊങ്കാലയിടുന്നവരുടെ അടുക്കൽ വരെ എത്തിച്ചു. ഓരോ വഴികളുടെ മുന്നിലും പന്തത്തിൽ നിന്നു തീ പകരാനായി ആളുകൾ കാത്ത് നിന്നിരുന്നു. ഇങ്ങനെ പകർന്നെടുത്ത തീ അടുപ്പുകളിൽ ജ്വലിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് ഭക്തർ കരുതുന്നത്.

ഇത് പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി നടത്തുന്ന ഭൂമി പൂജ കൂടിയാണ് പൊങ്കാല. ഭൂമീദേവിയുടെ പ്രതീകമായ മൺകലത്തിൽ വായു, ആകാശം, ജലം, അഗ്നി എന്നിവ കൂടിച്ചേരുമ്പോഴാണു നിവേദ്യം പൂർത്തിയാകുന്നത്. ഇന്നലെ ദേവിക്കു മുന്നിൽ സമർപ്പിക്കപ്പെട്ട നിവേദ്യത്തിൽ പ്രധാനമായും 12 തരം വിഭവങ്ങളാണുള്ളത്. വെള്ളച്ചോറ്,ശർക്കരപായസം, മണ്ടപ്പുറ്റ്, തെരളി, മോദകം, വത്സൻ, പന്തീരുനാഴി, പയർ നിവേദ്യം, നെയ്പായസം, ഇടിച്ചുപിഴിഞ്ഞ പായസം, അരവണ എന്നിവയാണത്. വിവിധ നേർച്ചകളുടെ ഭാഗമായി 101, 51 കലങ്ങളിലും ഭക്തർ പൊങ്കാലയിട്ടു.
കൂടുതൽ കലങ്ങളിൽ നിവേദ്യം തയ്യാറാക്കുന്നവർ ചെറിയ കലങ്ങളാണ് ഉപയോഗിച്ചത്. 101 കലത്തിൽ 99 കലത്തിൽ വെള്ളച്ചോറും ഓരോ കലം വീതം ശർക്കരപായസവും പയർ നിവേദ്യവുമാണ്. പൊങ്കാല നിവേദ്യം തയ്യാറാക്കുന്ന സ്ഥലത്തുവച്ചുതന്നെ നിവേദിക്കണം എന്ന വിശ്വാസം പാലിക്കാൻ മിക്ക ഭക്തരും ശ്രദ്ധിച്ചു. ക്ഷേത്ര നടയിലെ പണ്ടാരയടുപ്പിൽ നിവേദിച്ചതിനു ശേഷമാണു മറ്റ് കലങ്ങളിൽ നിവേദിച്ചത്.

 10.20ന് പൊങ്കാല അടുപ്പിൽ തീ കത്തിച്ചതു കൊണ്ട് ദോഷമില്ല

10.20ന് പൊങ്കാല അടുപ്പിൽ തീ കത്തിച്ചതു കൊണ്ട് ദോഷമില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 10.20 ആയപ്പോഴേക്കും വലിയ തിടപ്പള്ളിയിലെ അടുപ്പിൽ തീ പ‌കർന്നിരുന്നു. അതുകൊണ്ടു തന്നെ ആ സമയത്ത് മറ്റു അടുപ്പുകളിൽ തീ പകരുന്നത് കൊണ്ടു കുഴപ്പമില്ല.