തിരുവനന്തപുരം: സ്ഥലം മാറ്രപ്പെട്ട സർവേ ഡയറക്ടർ വി.ആർ.പ്രേംകുമാറിനെ തൽസ്ഥാനത്ത് നിലിനിറുത്തിയേക്കും. തന്നെ അറിയിക്കാതെ സർവേ ഡയറക്ടറെ സ്ഥലം മാറ്രിയതിനെതിരെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണു മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സിവിൽ സർവീസ് ബോർഡാണ് ഐ.എ.എസുകാരുടെ സ്ഥലം മാറ്രം നടത്തേണ്ടതെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം 2014ൽ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാൽ, മൂന്ന് വർഷമായി കേരളത്തിൽ ബോർഡ് കൂടുന്നില്ല. ഐ.എ.എസുകാരെ രണ്ട് വർഷത്തിനിടെ ഒരു തസ്തികയിൽ നിന്ന് മറ്രൊന്നിലേക്ക് സ്ഥലം മാറ്രരുതെന്നാണ് ചട്ടം. സ്ഥാനക്കയറ്രമോ, റിട്ടയർമെന്റോ, ഡെപ്യൂട്ടേഷനോ വരുമ്പോഴോഴാണ് ഇതിൽ മാറ്രമുണ്ടാവുക. ഐ.എ.എസുകാരെ സ്ഥലം മാറ്രാനുള്ള കുറിപ്പ് വന്നാൽ ബോർഡ് ചർച്ച ചെയ്ത് മന്ത്രിസഭയെ അറിയിക്കണം. എന്നാൽ ഇതൊന്നും വർഷങ്ങളായി പാലിക്കുന്നില്ലെന്ന് ഐ.എ. എസ് ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ 12ന് ഐ.എ.എസ് അസോസിയേഷന്റെ അനൗദ്യോഗിക യോഗം ഗോൾഫ് ക്ലബിൽ ചേരും. വഴി വിട്ട സ്ഥലം മാറ്റത്തിനെതിരെ അസോസിയേഷൻ നേരത്തെ പ്രമേയം പാസ്സാക്കിയിരുന്നു. അർബൻ അഫയേഴ്സ് ഡയറക്ടറായിരുന്ന ആർ.ഗിരിജയെയാണ് പ്രേം കുമാറിന് പകരം സർവേ ഡയറക്ടറായി കഴിഞ്ഞ മന്ത്രിസഭാ യോഗം നിയമിച്ചത്.