തിരുവനന്തപുരം: പൊങ്കാലയ്‌ക്ക് ശേഷം ശുചീകരണത്തൊഴിലാളികൾ കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. മണക്കാട് മാർക്കറ്റിന് സമീപം ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. ചെങ്കൽച്ചൂളയിലെ അഗ്നിശമന സേനാവിഭാഗം ഉടൻ സ്ഥലത്തെത്തി പൊലീസിന്റെ സഹായത്തോടെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കില്ല. അഞ്ച് ലോഡ് മാലിന്യമാണിവിടെ തള്ളിയത്. അതിനുള്ളിലുണ്ടായിരുന്ന തീപ്പൊരികളിൽ നിന്നാണ് തീപിടിത്തമുണ്ടായത്. മുക്കാൽ മണിക്കൂറോളം പ്രയത്നിച്ചാണ് ഉദ്യോഗസ്ഥർ തീ പൂർണമായും അണച്ചത്. അഗ്നിശമനസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കൃഷ്ണകുമാർ, ഹരിലാൽ, അനീഷ്, ഭദ്റൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.